ബെംഗളൂരു ∙ സംസ്ഥാനത്ത് ഐടി–അനുബന്ധ മേഖലയിലെ തൊഴിലാളി യൂണിയനു തൊഴിൽവകുപ്പ് അംഗീകാരം നൽകിയത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കു കൂടുതൽ ആത്മവിശ്വാസം പകരുമെന്നു ഭാരവാഹികൾ. കൂട്ടപ്പിരിച്ചുവിടൽ(ലേഓഫ്), കുറഞ്ഞ വേതനം തുടങ്ങി ഐടി–അനുബന്ധ ജോലിക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച കർണാടക സ്റ്റേറ്റ് ഐടി–ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ(കെഐപിയു) ഈ മേഖലയിലെ ഒരേയൊരു തൊഴിലാളി യൂണിയനാണ്. മറ്റു തൊഴിലാളി യൂണിയനുകളുടേതായ എല്ലാ അവകാശങ്ങളും കെഐപിയുവിനും ഉണ്ടെന്നു ജനറൽ സെക്രട്ടറി വിനീത് വാകിൽ പറഞ്ഞു.
ഇനി മുതൽ തൊഴിലുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ യൂണിയന് ഇടപെടാൻ സാധിക്കും. നിലവിൽ 250 അംഗങ്ങളാണുള്ളത്. യൂണിയന് അംഗീകാരം ലഭിച്ചതിനാൽ കൂടുതൽപേരെ അംഗങ്ങളാക്കുകയാണ് ആദ്യപടി. ഇതിനായി വിവിധ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് അംഗത്വ വിതരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മൈസൂരു ഉൾപ്പെടെ കർണാടകയിലെ മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന ഐടി, അനുബന്ധ ജോലിക്കാരെയും യൂണിയനു കീഴിൽ അണിനിരത്തും.
കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാനായി 18000 രൂപ മിനിമം വേതനം ഐടി മേഖലയിലും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിനീത് പറഞ്ഞു. കർണാടക വ്യവസായ തൊഴിൽ തർക്കപരിഹാര നിയമം അനുസരിച്ച് സ്വകാര്യ കമ്പനികൾ ജോലിക്കാരുടെ തൊഴിൽ സാഹചര്യം സംബന്ധിച്ച രേഖകൾ(സ്റ്റാൻഡിങ് ഓർഡർ) സർക്കാരിനു സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ 2014ൽ ഇറക്കിയ ഉത്തരവനുസരിച്ച് 2019 വരെ ഐടി കമ്പനികളെ ഇതിൽനിന്നൊഴിവാക്കി.
അടുത്ത തവണ കരാർ പുതുക്കുമ്പോൾ ഐടി ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കുംവിധം കെഐപിയുവിന് ഇതിൽ ഇടപെടാനുമാകും. സമീപകാലത്ത് വൻകിട ഐടി കമ്പനികൾ തൊഴിലാളികളെ വ്യക്തമായ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നാണ് ഐടി–ഐടി അനുബന്ധ കമ്പനി ജീവനക്കാർ യൂണിയൻ രൂപീകരിക്കാൻ രംഗത്തിറങ്ങിയത്.