ബെംഗളൂരു ∙ പാർക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി റായ്ച്ചൂരിൽ പിടിയിൽ. വിജയപുരയ ജില്ലയിൽ നിന്നുള്ള ഗുന്ദന ഗൗഡ(22) കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് ബസവലിംഗ(21) ആണ് അറസ്റ്റിലായത്. മരിച്ച യുവാവിന്റെ ചിത്രം പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറിയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞ മാസം 13നു സുങ്കതഘട്ടെയിലെ പാർക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇയാൾ മറ്റൊരാൾക്കൊപ്പം ബാറിൽ ഇരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.
ഉത്തര കന്നഡയിൽ നിന്നുള്ളവരുടെ സംഭാഷണ ശൈലിയാണ് ഇവരുടെതെന്നു ബാർ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച യുവാവിന്റെ ചിത്രങ്ങൾ വാട്സാപ് വഴി എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കൈമാറി. മരിച്ചയാളെ തിരിച്ചറിഞ്ഞ വിജയനഗർ പൊലീസ് ഇയാൾക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന ബസവലിംഗയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
ഇതിനിടെ വിവാഹം ഉറപ്പിച്ച ബസവലിംഗ 20000 രൂപ ഗുന്ദന ഗൗഡയിൽ നിന്നു കടം വാങ്ങി. പ്രതിശ്രുത വധു തന്റെ ലൈംഗിക താൽപര്യത്തിനു വഴങ്ങിയാൽ പണംതിരികെ നൽകേണ്ടെന്നു ഗുന്ദന ഗൗഡ പറഞ്ഞതാണ് കൊലയിലേക്കു നയിച്ചത്. ബാറിൽ നിന്നു മദ്യപിച്ച ശേഷം പാർക്കിലെത്തിയപ്പോൾ ഗുന്ദന ഗൗഡയെ ഇഷ്ടിക കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.