ബെംഗളൂരു∙ മറുനാടൻ മലയാളികൾ ഓണവരവ് അറിയുന്നത് കേരളീയ വസ്ത്രങ്ങൾ ഉടുത്തൊരുങ്ങി വരുന്നവരെ കാണുമ്പോഴാണ്. മറുനാട്ടിലായാലും മലയാളികൾക്ക് ഓണക്കോടിയെന്നാൽ കൈത്തറി വസ്ത്രങ്ങളാണ്. കേരള സാരി, സെറ്റ്മുണ്ട്, കസവ് മുണ്ട് എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ഓണത്തിനായി നഗരത്തിലെത്തിയിരിക്കുന്നത്.
കേരള കരകൗശല വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള എംജി റോഡ് ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപത്തുള്ള ശുഭറാം കോംപ്ലക്സിലെ കൈരളി എംപോറിയത്തിലെ ഓണം വിപണന മേളയിൽ കേരളീയ ഉൽപന്നങ്ങളുടെ വൻനിരയാണ് ഒരുക്കിയിരിക്കുന്നത്.
ബാലരാമപുരം തറികളിൽ നിന്നുള്ള കേരളീയ സാരികളുടെയും സെറ്റ്മുണ്ടുകളുടെയും പാരമ്പര്യത്തനിമയാണ് ഏറെ പേരെയും ആകർഷിക്കുന്നത്. 950 മുതൽ 12,000 രൂപവരെയുള്ള കേരള സാരികൾ ഓണം സ്പെഷലായി വിൽപനയ്ക്കുണ്ടെന്ന് ഷോറൂം മാനേജർ ഷീല പറഞ്ഞു.
സെറ്റ് മുണ്ടുകൾക്ക് 600 രൂപ മുതലാണ് വില. ആറൻമുള കണ്ണാടികൾ, ബെഡ്ഷീറ്റുകൾ, വിവിധ തരം വിളക്കുകൾ, നെറ്റിപ്പട്ടം, പറ, നാഴി, ഇടങ്ങഴി, ഉരുളി, തേക്കിലും ഈട്ടിയിലും തീർത്ത ഗണപതി വിഗ്രഹങ്ങൾ, വിവിധ തരം കരകൗശല ഉൽപന്നങ്ങൾ, രവിവർമ പെയിന്റിങ്ങുകൾ തുടങ്ങിയവയും വിപണിയിലുണ്ട്.
കൈത്തറി ഉൽപന്നങ്ങൾക്കും കരകൗശല ഉൽപന്നങ്ങൾക്കും പത്ത് ശതമാനം വിലക്കിഴിവുണ്ട്. രാവിലെ പത്ത് മുതൽ ഏഴ് വരെയുള്ള പ്രദർശനം സെപ്റ്റംബർ മൂന്ന് വരെ തുടരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.