ബെംഗളൂരു : കർണാടകത്തിൽ സൈബർത്തട്ടിപ്പിന്റെ പുതിയരൂപമായ ‘ഡിജിറ്റൽ അറസ്റ്റ്’ വഴി നടപ്പുസാമ്പത്തികവർഷം വിവിധ ആളുകളിൽനിന്ന് നഷ്ടപ്പെട്ടത് 109.01 കോടി രൂപ.
ഇതിൽ അന്വേഷണസംഘത്തിന് വീണ്ടെടുക്കാനായത് വെറും 9.45 കോടി രൂപ മാത്രം.
നിയമനിർവഹണ ഏജസികളിലെയോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെയോ ഉദ്യോഗസ്ഥർചമഞ്ഞ് ആളുകളിൽ ഭയമുളവാക്കി പണംതട്ടുന്നതാണ് രീതി.
വ്യാജ കൂറിയർ കമ്പനിയുടെ പേരിലും ഇത്തരം തട്ടിപ്പുനടക്കാറുണ്ട്. സംസ്ഥാനത്ത് ആകെ 641 ഡിജിറ്റൽ അറസ്റ്റ് കേസുകളാണ് റിപ്പോർട്ടുചെയ്തത്. ഇതിൽ 480 കേസുകളും ബെംഗളൂരുവിലാണ്.
മൈസൂരുവിൽ 28 കേസുകളും മംഗളൂരുവിൽ 21 കേസുകളും റിപ്പോർട്ടുചെയ്തു. കേസുമായി ബന്ധപ്പെട്ട് 27 ആളുകളെ അറസ്റ്റുചെയ്യുകയും ചെയ്തു.
അതേസമയം, ബെംഗളൂരുവിൽ രജിസ്റ്റർചെയ്ത കേസുകളിൽ ഒരു പ്രതിയെപ്പോലും പിടികൂടിയിട്ടില്ല. ആളുകളെ കബളിപ്പിക്കാനുപയോഗിച്ച 268 ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകൾ, 465 ടെലിഗ്രാം ഗ്രൂപ്പുകൾ, 15 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, 61 വാട്‌സാപ്പ് ഗ്രൂപ്പുകൾ എന്നിവ നിർജീവമാക്കി.
നിയമനിർമാണ കൗൺസിലിൽ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ഈ വിവരം അറിയിച്ചത്. ബി.ജെ.പി. എം.എൽ.സി. കെ. പ്രതാപ് സിംഹ നായ്കിന്റെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു ആഭ്യന്തരമന്ത്രി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.