ബെംഗളൂരു: നഗരത്തിലെ ബാപ്പുജിനഗറിൽ കഴിഞ്ഞ ദിവസം കെമിക്കൽ യൂണിറ്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കെമിക്കൽ യൂണിറ്റ് ഉടമകളെ പോലീസ് അറസ്റ്റുചെയ്തു. രേഖ കെമിക്കൽസ് ആൻഡ് രേഖ കെമിക്കൽ കോർപ്പറേഷൻ ഉടമകളായ സജ്ജൻ രാജ് (66), ഭാര്യ കമല (60), മകൻ അനിൽകുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
തീപ്പിടിത്തത്തിൽ മൂന്നുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തായിരുന്നു കെമിക്കൽ യൂണിറ്റ് പ്രവർത്തിച്ചുവന്നത്. മലിനീകരണ നിയന്ത്രണബോർഡ്, ബി.ബി.എം.പി., അഗ്നിരക്ഷാവകുപ്പ് എന്നിവിടങ്ങളിൽനിന്ന് അനുമതിയില്ലാതെയായിരുന്നു കെമിക്കൽ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി സജ്ജൻരാജ് കെമിക്കൽ വ്യവസായം നടത്തിവരുകയായിരുന്നുവെന്നും കഴിഞ്ഞ കുറച്ചുനാളുകളായി മകനാണ് കമ്പനി നോക്കിയിരുന്നതെന്നും ബെംഗളൂരു വെസ്റ്റ് ഡി.സി.പി. സഞ്ജീവ് എം. പാട്ടീൽ പറഞ്ഞു.
320 ബാരലുകളിലായി എളുപ്പത്തിൽ തീപിടിക്കുന്ന 64,000 ലിറ്റർ രാസവസ്തുക്കൾ ഗോഡൗണിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30-ഓടെ ജീവനക്കാർ ഒരു ബാരലിൽനിന്ന് മറ്റൊരു ബാരലിലേക്ക് രാസവസ്തുക്കൾ മാറ്റുന്നതിനിടെയാണ് തീപിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഗോഡൗണിൽ കുടുങ്ങിപ്പോയ നാലു ജീവനക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. ഫാക്ടറിക്കു സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. 15 അഗ്നിശമനസേനാവാഹനങ്ങളെത്തി മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.