ബെംഗളൂരു: ഏതാനും ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് കേരള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി കേരള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.
പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്.
മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ്
വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2015-ൽ അനൂപ് കമ്മനഹള്ളിയിൽ തുടങ്ങിയ ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്.
2019-ൽ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ഫെയ്സ്ബുക്ക് പേജിൽ ലൈവ് ഇടുകയും ചെയ്തിരുന്നു.
പിടിയിലായവർക്കൊപ്പം ലോക്ക്ഡൌൺ കാലത്ത് ജൂൺ 19-ന്
കുമരകത്തെ നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു.
പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ട ജൂലായ് പത്തിന് ഇവരുമായി പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ട്.
ജൂലായ് പത്താം തീയതി ബിനീഷ് കോടിയേരിയും ബെംഗളൂരുവിലാണുണ്ടായിരുന്നത്.
പിടിയിലായവർക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വർണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട്.
അതുകൊണ്ട് സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും പി.കെഫിറോസ് പറഞ്ഞു.
പിടിയിലായവരുടെ റിമാൻഡ് റിപ്പോർട്ടിലും ഇത്തരം ബന്ധങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതുകൊണ്ട് തന്നെ അന്വേഷണം
അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്ക് കൺട്രോൾ
ബ്യൂറോ(എൻ.സി.ബി) ആണ് അനിഘയേയും മലയാളികളായ അനൂപ് മുഹമ്മദിനേയും റിജേഷ് രവീന്ദ്രനേയും അറസ്റ്റ് ചെയ്തത്.