ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചട്ടലംഘനം നടത്തി എന്ന കേസിൽ ബെലഗാവി ജില്ലയിലെ ഗൊഖക് മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചു.
ഗോഖക്കിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ ആയിരുന്ന രമേഷ് ജർക്കി ഹോളി തൽസ്ഥാനം രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി നവംബർ 23ന് പ്രചരണം നടത്തുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
ഗൊഖക് വാൽമീകി സ്റ്റേഡിയത്തിൽനടന്ന യോഗത്തിൽ രമേശ് ജാർക്കിഹോളിക്ക് വോട്ടുചെയ്യാൻ വീരശൈവ ലിംഗായത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടതായാണ് ഹർജിയിൽ പറയുന്നത്
ലിംഗായത്ത് വോട്ടുകൾ ഭിന്നിക്കാതെനോക്കണമെന്നും സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം അവിടെ ആവശ്യപ്പെട്ടു.
ഗോഖക് പോലീസെടുത്ത കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടലംഘനത്തിന് തെളിവില്ലെന്നും കേസ് തള്ളണമെന്നുമാവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതുതള്ളിയാണ് മജിസ്‌ട്രേറ്റ് കോടതി യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചത്. ഉപതിരഞ്ഞെടുപ്പിൽ രമേശ് ജാർക്കിഹോളി വൻഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.