ഹൈദരാബാദ്: തെലങ്കാനയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലയിലെ മുഖ്യപ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. നൽഗോണ്ട സ്വദേശി പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മാരുതിറാവുവിനെയാണ് ഹൈദരാബാദിലെ ചിന്താൽബസ്തിയിലെ ആര്യ വൈസ ഭവനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.
ഞായറാഴ്ച രാവിലെ മാരുതി റാവുവിന്റെ ഭാര്യ അദ്ദേഹത്തെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.
തുടർന്ന് ആര്യവൈസ്യ ഭവൻ ജീവനക്കാരെ വിവരമറിയിച്ചു. ഇവർ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മാരുതി റാവുവിനെ അവശനിലയിൽ കണ്ടെത്തിയത്.
ഒസ്മാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
മകൾ അമൃതവർഷിണിയുടെ ഭർത്താവ് പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന മാരുതി റാവു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 2018 സെപ്റ്റംബറിലായിരുന്നു മാരുതി റാവു നിയോഗിച്ച ക്വട്ടേഷൻ സംഘം പ്രണയിനെ കൊലപ്പെടുത്തിയത്.
ഗർഭിണിയായിരുന്ന അമൃതവർഷിണിക്കും മാതാവിനുമൊപ്പം ഡോക്ടറെ കണ്ട് മടങ്ങുമ്പോൾ മിരിയാൽഗുഡയിലെ ആശുപത്രിക്ക് മുന്നിൽവെച്ചായിരുന്നു കൃത്യം നടത്തിയത്.അമൃതവർഷിണിയുടെയും മാതാവിന്റെയും മുന്നിൽവെച്ച് പ്രണയിനെ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.
മുന്നാക്കജാതിക്കാരിയായ മകളെ എതിർപ്പ് വകവെയ്ക്കാതെ ദളിത് ക്രിസ്ത്യൻ വിഭാഗക്കാരനായ പ്രണയ്കുമാർ വിവാഹം കഴിച്ചതിലുള്ള പകതീർക്കാൻ അച്ഛനും അമ്മാവനുമാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കേസിൽ പ്രണയ്കുമാറിനെ വെട്ടിക്കൊന്ന സുഭാഷ് ശർമയെയും ആറ് കൂട്ടാളികളെയും ബിഹാറിൽനിന്ന് അറസ്റ്റുചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമൃതയുടെ അമ്മാവൻ ശരവണൻ,മാരുതി റാവുവിന്റെ സുഹൃത്തും പ്രാദേശികകോൺഗ്രസ് നേതാവുമായ അബ്ദുൾ കരീം എന്നിവരും പിടിയിലായിരുന്നു. സമ്പന്നനും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ മാരുതി റാവുവും സഹോദരനും ചേർന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.
സ്കൂൾ പഠനകാലം തൊട്ടേ പ്രണയബദ്ധരായിരുന്നു പ്രണയ് കുമാറും അമൃതയും. അമൃതയുടെ അച്ഛനമ്മമാരുടെ എതിർപ്പ് അവഗണിച്ച് 2018 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. പ്രണയ്കുമാറിനെ കൊലപ്പെടുത്തിയപ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു അമൃതവർഷിണി. കഴിഞ്ഞവർഷം ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.