ബെംഗളൂരു: ശക്തമായ മഴയിൽ മുങ്ങി വടക്കൻ കർണാടകം; ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ. റോഡുകളും പാലങ്ങളും മുങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
രണ്ട് ദിവസമായി ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗദക്, ഹവേരി, കലബുറഗി, കൊപ്പാൾ, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ എന്നീ ജില്ലകളിൽ ദുരിതംവിതച്ച് ശക്തമായ മഴയാണ് പെയ്തത്.
ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിൽ 23, 24, 25 തീയതികളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണാധികാരികളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. വരുന്ന മൂന്നുദിവസത്തേക്ക് ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കനത്തമഴയിൽ കരകവിഞ്ഞ വെള്ളത്തിൽ വീണ് ഹവേരിയിലെ ഹൈരേകേരൂരിൽ പതിമ്മൂന്നുകാരൻ മരിച്ചു. കാൽവഴുതി വെള്ളത്തിൽ വീണെന്നാണ് പ്രാഥമിക നിഗമനം. ബെലാഗാവിയിലെ ശങ്കരേശ്വരയിൽ നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളടക്കം ഒലിച്ചുപോയതായാണ് സൂചന. ധാർവാഡിലെ നവൽഗുണ്ഡിൽ ഗ്രാമത്തിൽ പൂർണമായി വെള്ളംകയറി. ജില്ലാ അധികൃതർ ഇടപെട്ട് പ്രദേശവാസികളെ താത്കാലിക ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി.
ജന്നറ്റ് നഗർ, നാരായൺപുർ, സാധൻ കേരി, ഭാവികട്ടി തുടങ്ങിയ ഗ്രാമങ്ങളിലും വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കി. ബെലഗാവി, കുടക്, ചിക്കമംഗളൂരു തുടങ്ങിയ ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണസേനയുടെ സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
ആവശ്യമെങ്കിൽ കൂടുതൽ താലൂക്കുകൾ കേന്ദ്രീകരിച്ച് ദുരിതാശ്വാസകേന്ദ്രങ്ങൾ തുറക്കും. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിനു കൂടുതൽ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുമെന്ന് ബെലഗാവി, ധാർവാഡ് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.