ബെംഗളൂരു: വിമതരെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി.ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് യെദ്യൂരപ്പയുടെ പ്രസ്താവന. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്ക് സീറ്റ് നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.
വിമതർ ആവശ്യപ്പെട്ടാൽ അവർ ബി.ജെ.പി. സ്ഥാനാർഥികളായി മത്സരിക്കുമെന്നും ഇതിന് പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളിൽനിന്ന് 17 എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ബി.ജെ.പി.ക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞത്.
ഈ സാഹചര്യത്തിൽ രാജിവെച്ചവർക്ക് സീറ്റ് നൽകേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമാണെന്നും യെദ്യൂരപ്പ പറഞ്ഞു. സ്ഥാനാർഥികളുടെ വിജയത്തിന് പാർട്ടിപ്രവർത്തകരും നേതാക്കളും രംഗത്തിറങ്ങും. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടവർക്ക് അർഹമായ അംഗീകാരം നൽകും.
ഇവർക്ക് കോർപ്പറേഷൻ, ബോർഡ് ചെയർമാൻ സ്ഥാനം നൽകും. സ്ഥാനാർഥിനിർണയത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ബി.ജെ.പി. നേതാക്കൾക്ക് പാർട്ടിതീരുമാനത്തിൽ അതൃപ്തിയുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന തീരുമാനത്തിലാണ് നേതാക്കൾ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയവോട്ടിനാണ് ബി.ജെ.പി. സ്ഥാനാർഥികൾ തോറ്റത്. ഈ സാഹചര്യത്തിൽ മത്സരത്തിൽനിന്ന് മാറിനിൽക്കുന്നതിലുള്ള കടുത്ത അമർഷം ഇവർ പാർട്ടിനേതൃത്വത്തെ അറിയിച്ചു.
വിമതർക്ക് മത്സരിക്കണമെങ്കിൽ സ്പീക്കർ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കണം. കോടതിവിധി എതിരായാൽ വിമതർ നിർദേശിക്കുന്നവരെ സ്ഥാനാർഥിയാക്കേണ്ടിവരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.