പീനിയയിലെ കേരള ആർ.ടി.സിയുടെ കാവൽക്കാരൻ ജിൻഡോ യാത്രയായി;ദുഖത്തോടെ നഗരത്തിലെ ആനവണ്ടി പ്രേമികൾ.

ബെംഗളൂരു : ഈ വാർത്തയുടെ ശീർഷകം വായിക്കുമ്പോൾ നിങ്ങളിൽ എല്ലാവർക്കും സംശയമുണ്ടാകും ആരാണീ ജിൻഡോ എന്ന്.

പീനിയ ബസവേശ്വര ബസ് സ്റ്റാന്റിലെ ഒരു തെരുവു നായയായിരുന്നു ജിൻഡോ, എന്നാൽ വലിയ തിരക്ക് ഒന്നും ഇല്ലാത്ത പീനിയ ബസ് സ്റ്റാന്റിൽ എത്തുന്ന കേരള ആർ.ടി.സി ബസ് ജീവനക്കാരുടെ സുഹൃത്തും കാവൽക്കാരനും ഒക്കെയായിരുന്നു ജിൻഡോ.

നഗരത്തിലെ ഒരു ആനവണ്ടി പ്രേമിയായ ശ്രീ ജോമോന്റെ വാക്കുകളിൽ ജിൻഡോ ഇങ്ങനെയാണ് ”

ആനവണ്ടി പ്രേമികളും ആനവണ്ടി പ്രാന്തന്മാരും ഇന്നേറേയാണ്
ഒരു മലയാളി മലയാളി ആവണമെങ്കില്‍ തന്നെ അവന്‍റെ ഉള്ളില്‍ ഒരു ആനവണ്ടി പ്രണയം ഉണ്ടാവും…!

എന്നാല്‍ ഇങ്ങ് ബംഗളൂരു പീനിയ ബസവേശ്വരാ ബസ് ടെര്‍മിനല്‍ പാര്‍ക്കിങ്ങ് യാര്‍ഡില്‍ ആനവണ്ടി യേയും അതിലെ ജീവനക്കാരേയും ആനവണ്ടി സ്നേഹിതരേയും ഇഷ്ടപ്പെടുന്ന ഒരു നായ ഉണ്ട്

നായ എന്നൊന്നും വിളിച്ച് കൊച്ചാക്കണ്ട കേട്ടൊ പേര് ജിന്‍റൊ

ആനവണ്ടി പ്രേമികളും ജീവനക്കാരും അവന് സമ്മാനിച്ചതാണ് ജിന്‍റൊ എന്ന നാമം

രാവിലെ ആദ്യ ബസ് എത്തുംമ്പോഴേക്കും ഉറക്കമുണരും നമ്മുടെ ഓരൊ ബസിനടുത്തും ചെല്ലും എല്ലാ വാഹനങ്ങള്‍ക്കും ചുറ്റും നടന്ന് ഒരു മിന്നല്‍ പരിശോധന പിന്നെ ജീവനക്കാരെ വാലാട്ടി കാണിച്ച് സൗഹൃദം പുതുക്കല്‍

ജീവനക്കാരോടൊപ്പം തന്നേ പ്രഭാത ഭക്ഷണം അവര് കഴിക്കുന്നതിന്‍റെ ഒരു പങ്ക് അത് അവനുള്ളതാണ് അത് വിഷ്ണു കൊണ്ടു വരുന്ന ഇഡലി , ദോശ,ചപ്പാത്തി എന്തും ആയി കൊള്ളട്ടെ പരാതി ഇല്ല

പിന്നൊരു ചെറു മയക്കം എന്നാല്‍ വളരെ ശ്രദ്ധാലു ആയിരിക്കും ജിന്‍റൊ നമ്മുടെ ബസുകളുടെ അടുത്തേക്ക് പരിചയം ഇല്ലാത്ത ആളുകളെയോ വാഹനങ്ങളെയൊ അടുപ്പിക്കില്ല കുരച്ച് പേടിപ്പിച്ച് അകറ്റി നിര്‍ത്തും.

എത്ര ക്ഷീണത്തില്‍ തളര്‍ന്നുറങ്ങി പോയാലും ജീവനക്കാര്‍ക്ക് പേടിയില്ല ജിന്‍റൊ ഉള്ളിടത്തോളം ബസിനടുത്തേക്ക് ഒരു കളളന്‍മാരും അടുക്കില്ല എന്ന ധൈര്യത്തില്‍ ഉറങ്ങാം.

ജീവനാക്കാരും ആയി ഇണങ്ങിയിട്ട് 6,7 മാസമെ ആയുള്ളെങ്കിലും കന്നഡക്കാരന്‍ ജിന്‍റോയ്ക്ക് മലയാളം പച്ചവെള്ളം പോലെ മനസിലാവും എന്നതും വളരെ ശ്രദ്ധേയം ആണ്.

ഉച്ചക്ക് വിഷ്ണുവിന്‍റെ പൊതിച്ചോറ് എത്തുമ്പൊഴേക്കും ഒന്നുണരും എല്ലാ ബസിലും പൊതിച്ചോർ എത്തുന്നത് ഒരു കണ്ണ് തുറന്ന് വീക്ഷിക്കും ആരും ഉണരുന്നില്ലല്ലൊ ഹാവു എന്ന ദീര്‍ഘ നിശ്വാസത്തോടെ ചെറുമയക്കം മൂന്ന് മണിയോടെ ഓരോരുത്തരായ് ഉണര്‍ന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നുണ്ടാവും ഒളികണ്ണിട്ട് നോക്കി അങ്ങനെ കിടക്കും അവനറിയാം അവന്‍റെ ഓഹരി എന്തായാലും എത്തുമെന്ന്.

നാല് മണിക്ക് ശേഷം ബസ് സ്റ്റാന്‍റ് ഉഷാറാവും ജീവനക്കാരൊടൊപ്പം ജോണ്‍സന്‍ കൊണ്ടു വരുന്ന ചായയും കടിയും കഴിഞ്ഞിട്ട് ബസുകള്‍ക്ക് ചുറ്റും വീണ്ടു പരിശോധന.

ഇനി ആശാന് വിശ്രമിക്കാന്‍ സമയമില്ലാ പാര്‍ക്കിങ്ങ് യാര്‍ഡില്‍ നിന്നും ഓരോ ബസുകളോടൊപ്പം പ്ലാറ്റ് ഫോം നമ്പര്‍ 7 ലേക്ക് തിരികേ അവരെ യാത്രയാക്കുവാന്‍ റോഡ് തുടങ്ങും വരെയും ഒരോ ബസിനൊപ്പവും ഈ ഓട്ടം നീളും അവസാന സര്‍വീസ് പോകും വരെയും ……..!
അങ്ങനെ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു ജിന്‍റോയുടെ ഓരോ ദിവസവും………”

“ബസുകളെ യാത്രയാക്കാന്‍ പുറകേ ഓടിയും കുരച്ച് കൊണ്ട് ബസുകള്‍ക്ക് സെെഡ് പറഞ്ഞു കൊടുത്തും ജിന്‍റൊ ഓടി കയറിയത് ഓരോ KSRTC ജീവനക്കാരന്‍റെയും ആനവണ്ടി പ്രേമികളുടെ മനസിലേക്കും ആയിരുന്നു ഇനി അവന്‍റെ കുരയ്ക്കുന്ന ശബ്ദം പീനിയ ബസ്വേശ്വര ബസ് സ്റ്റേഷനില്‍ ഇനി മുഴങ്ങില്ല ബസിനെ യാത്ര ആക്കാന്‍ കൂടെ ഓടാനും അവന്‍ ഉണ്ടാവില്ല ഏവരെയും ദുഃഖത്തിലാഴ്ത്തി വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരത്തേക്കവന്‍ യാത്രയായി അതെ ഇനി ജിന്‍റോയുടെ ഓര്‍മകള്‍ മാത്രം”

ഏതാനും ദിവസമായി ജിൻഡോയെ കാണാനില്ല എന്ന പരാതി ഉണ്ടായിരുന്നു. പിന്നീട് ആണ് ജിൻഡോ മരിച്ച വിവരം ശുചീകരണ തൊഴിലാളികളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.കാരണമെന്തെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല,

മനുഷ്യരിൽ മൃഗീയത കൂടുതൽ കൂടു കൂട്ടുന്ന ഇക്കാലത്ത് മനുഷ്യത്വമുള്ള മൃഗങ്ങൾ പലപ്പോഴും ഒരു ചുറ്റുമുള്ളവർക്ക് ഒരാശ്വാസമാണ്, അവരുടെ വേർപാട് ചുറ്റുമുള്ളവർക്ക് ഒരു മനുഷ്യനോടെന്ന പോലെ അനുഭവപ്പെട്ടേക്കും.

ഫോട്ടോ കോർട്ടസി: ആനവണ്ടി ബ്ലോഗ് ഫേസ് ബുക്ക് പേജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us