കോര്‍പറേറ്റ് നികുതി കുറച്ചതോടെ ഓഹരി വിപണിയിലെ മുന്നേറ്റം തുടരുകയാണ്

മുംബൈ: സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി കോര്‍പറേറ്റ് നികുതി കുറച്ചതോടെ ഓഹരി വിപണിയിലെ മുന്നേറ്റം തുടരുകയാണ്.സെന്‍സെക്‌സ് 1075 പോയിന്റ് ഉയര്‍ന്ന് 39,090ലും നിഫ്റ്റി 326 പോയിന്റ് നേട്ടവുമായി 11,600ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയിളവ് പ്രഖ്യാപിച്ചത്. നിലവിലെ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനവുമാക്കിയിരുന്നു. 2020 ആകുന്നതോടെ സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നേട്ടത്തില്‍ എത്തുമെന്നു തന്നെയാണ് വിലയിരുത്തല്‍.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സെന്‍സെക്‌സിലെ നിക്ഷേപകര്‍ കൊയ്ത നേട്ടം 10.35 ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം 3.52 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. സെന്‍സെക്‌സിന്റെ മൂല്യം 145.37 ലക്ഷം കോടി രൂപയില്‍ നിന്ന് 148.89 ലക്ഷം കോടി രൂപയായാണ് ഇന്നലെ ഉയര്‍ന്നത്. അതേസമയം, ഓഹരികളിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയത് രൂപയ്ക്കും നേട്ടമായിട്ടുണ്ട് . ഇന്നലെ ഡോളറിനെതിരെ ഒരു പൈസ ഉയര്‍ന്ന് 70.93ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്.

ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി. ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്ത്യന്‍ ഓയില്‍ എന്നിവയാണ് ഇന്നലെ കുതിപ്പിന് നേതൃത്വം കൊടുത്ത പ്രമുഖ ഓഹരികള്‍.

അശോക് ലൈലാന്‍ഡ്, അമര രാജ, മാരുതി സുസുകി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, സീ എന്റര്‍ടെയ്ന്‍മെന്റ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. നികുതി ഇളവ് വന്നതോടു കൂടി വിദേശ, ആഭ്യന്തര നിക്ഷേപകരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിക്ഷേപകരുടെ സമ്പാദ്യത്തിലും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ലാഭത്തിന്മേലുള്ള നികുതി കുറയ്ക്കുകയും വിദേശ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സൂപ്പര്‍ സര്‍ചാര്‍ജ്, മൂലധന നേട്ട നികുതി എന്നിവ ഒഴിവാക്കുകയും ചെയ്തിതിനാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങി. വെള്ളിയാഴ്ച മാത്രം 36 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ എഫ്.പി.ഐകള്‍ വാങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച്ച ധനമന്ത്രിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായത്. സെന്‍സെക്‌സ് 1921 പോയിന്റും നിഫ്റ്റി 569 പോയിന്റും മുന്നേറിയിരുന്നു. ഇരു സൂചികകളുടെയും കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന നേട്ടമായിരുന്നു ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us