മൈസൂരു: രാജകീയ പ്രൗഢിയുടെ പത്തുദിനങ്ങൾ പൂർത്തിയാക്കി മൈസൂരു ദസറയ്ക്ക് (നാട ഹബ്ബ) പരിസമാപ്തി. മഹിഷാസുരന്റെ നാടിന്റെ ഗാംഭീര്യം തെളിയിച്ച് കൊട്ടാരനഗരിയിലെ വീഥിയിൽ ഗജവീരൻമാർ അണിനിരന്ന ജംബോ സവാരി ആയിരങ്ങൾക്കു കാഴ്ചയുടെ വിരുന്നാണ് നൽകിയത്. അമ്പാരി ആനയായ അർജുനയുടെ പുറത്തു സ്ഥാപിച്ച പല്ലക്കിൽ 750 കിലോ വരുന്ന സുവർണ ഹൗഡ സ്ഥാപിച്ച് ചാമുണ്ഡിദേവിയുടെ സ്വർണവിഗ്രഹം പ്രതിഷ്ഠിച്ചതോടെ ജംബോ സവാരിക്കു തുടക്കം കുറിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഭാര്യ അനിത കുമാരസ്വാമിയും ചേർന്നു പുഷ്പവൃഷ്ടി നടത്തി.
21 ആചാര പീരങ്കിവെടികളും ഉയർന്നതോടെ അംബാവിലാസ് കൊട്ടാരം മുതൽ ബന്നിമണ്ഡപം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരത്തിൽ ഹൗഡയുമായി തലയെടുപ്പോടെ 58 കാരനായ അർജുന മുന്നിൽ നീങ്ങി. പിന്നാലെ 11 ആനകൾ അണിനിരന്നതോടെ ചാമുണ്ഡിദേവിയുടെ അനുഗ്രഹം തേടി റോഡിനിരുവശവും നിറഞ്ഞുനിന്ന ജനക്കൂട്ടം പുഷ്പവൃഷ്ടി നടത്തി. ആനകൾക്കു പുറകിൽ കന്നഡ നാടിന്റെ തനിമയും പാരമ്പര്യവും തെളിയിക്കുന്ന കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും കടന്നുവന്നതോടെ കാഴ്ചക്കാരുടെ ആവേശവും ഇരട്ടിച്ചു.
അഞ്ചു മണിക്കൂർ നേരം പിന്നിട്ട് രാത്രി ഏഴിനു സവാരി ബന്നിമണ്ഡപത്തിലെത്തിയപ്പോൾ സമാപന ചടങ്ങായ ടോർച്ച് ലൈറ്റ് പരേഡിനു തിരിതെളിഞ്ഞു. കർണാടക പൊലീസ് സേനയുടെയും അശ്വാരൂഢ സേനയുടെയും മാർച്ച് പാസ്റ്റിനു സല്യൂട്ട് സ്വീകരിച്ച് ഗവർണർ വാജുഭായ് വാല തീവെട്ടി പ്രകടനം ഉദ്ഘാടനം ചെയ്തു. കലാശക്കൊട്ടിന്റെ ഭാഗമായി കരിമരുന്ന് പ്രകടനവും അരങ്ങേറി. സമാപന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ദേവെഗൗഡ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ജി.ടി. ദേവെഗൗഡ എന്നിവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.