ബെംഗളൂരു : ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നു വാട്സാപ്പിലൂടെ വ്യാജ സന്ദേശങ്ങൾ അയച്ച കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടു തൃശൂർ സ്വദേശി എം.ജി.ഗോകുൽ സമർപ്പിച്ച ഹർജി എൻഐഎ പ്രത്യേക കോടതി തള്ളി. 2015 സെപ്റ്റംബറിലാണു കേസിന് ആസ്പദമായ സംഭവം നടന്നത്. കോളജിൽ സഹപാഠിയും ബെംഗളൂരുവിൽ അയൽവാസിയുമായ കാമുകിയെ സ്വന്തമാക്കാൻ അവരുടെ ഭർത്താവിന്റെ പേരിൽ ഭീഷണി സന്ദേശങ്ങൾ അയച്ചുവെന്നാണു കേസ്. അർധരാത്രി ലഭിച്ച സന്ദേശങ്ങളെ തുടർന്നു മൂന്നു രാജ്യാന്തര വിമാനങ്ങൾ ഉൾപ്പെടെ ബെംഗളൂരുവിൽ നിന്നുള്ള ഏഴു സർവീസുകളാണു മണിക്കൂറുകളോളം വൈകിയത്. പാരീസിലേക്കു പോയ വിമാനം തിരിച്ചിറക്കിയും പരിശോധിച്ചു.
ബോംബ് ഭീഷണി മൂലം ഏഴു കോടിയോളം രൂപയുടെ നഷ്ടവും വിമാനത്താവളത്തിനുണ്ടായി. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോകുലിന്റെ കാമുകിയും ഭർത്താവും ആദ്യം പൊലീസ് പിടിയിലായി. വിശദമായ ചോദ്യം ചെയ്യലിലാണു ഗോകുലാണ് ഇതിനു പിന്നിലെന്നു വ്യക്തമായത്. കാമുകിയുടെ ഭർത്താവിന്റെ പേരിൽ മൊബൈലും സിമ്മും സംഘടിപ്പിച്ച ശേഷം ഇതിലൂടെയാണു ഭീഷണി സന്ദേശങ്ങൾ അയച്ചത്. തീവ്രവാദക്കുറ്റം ആരോപിച്ച് ഇയാളെ പൊലീസിന്റെ വലയിൽ കുരുക്കി കാമുകിയെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. കോളജിൽ പഠിക്കുന്ന സമയത്തു പ്രണയത്തിലായിരുന്ന ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവർ ആയതിനാൽ വിവാഹം കഴിക്കാനായില്ല.
ഇരുവരും വേറെ വിവാഹംകഴിച്ചെങ്കിലും ബന്ധം തുടർന്നു. ബെംഗളൂരുവിൽ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് ഇരുവരും കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇതിനിടെ ഗോകുലിന്റെ ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതേസമയം ഗോകുൽ നിരപരാധിയാന്നും കേരളത്തിൽ രാഷ്ട്രീയ സ്വാധീനമുള്ള അയൽവാസിയുടെ ബന്ധു കേസിലേക്കു വലിച്ചിഴച്ചതാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കുറ്റപത്രത്തിൽ ഗോകുലിനെതിരെ ആവശ്യത്തിനു തെളിവുകളുണ്ടെന്നും അതിനാൽ ഗോകുലിനെതിരെ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഗോകുലിനു ജാമ്യം ലഭിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.