ബെംഗളൂരു: നഗരത്തിലെ റോഡുകളെയും തെരുവുകളെയും ഇത്രയും കാലം സൗജന്യ പാർക്കിങ് കേന്ദ്രങ്ങളായി കണ്ടിരുന്ന രീതിക്ക് ഉടൻ അവസാനമായേക്കും. ബെംഗളൂരുവിലെ പാർക്കിങ് സംവിധാനങ്ങളിൽ വൻ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള പുതിയ പാർക്കിങ് ചട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നതോടെ നഗരത്തിലെ യാത്രാസംസ്കാരത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകും.
നഗരത്തിലെ പൊതുപാർക്കിങ് മേഖലകൾക്ക് പണം ഈടാക്കുക, ദീർഘനേരമുള്ള റോഡരികിലെ പാർക്കിങ് നിരുത്സാഹപ്പെടുത്തുക, ഓഫ്-സ്ട്രീറ്റ് (റോഡിന് പുറത്തുള്ള) പാർക്കിങ് സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ‘ഡ്രാഫ്റ്റ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (പാർക്കിങ്) ചട്ടങ്ങൾ 2026’ പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ നഗരത്തിനായി തയ്യാറാക്കുന്ന മൂന്നാമത്തെ പാർക്കിങ് നയമാണിത്. നിലവിൽ ട്രാഫിക് പോലീസ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ അഭിപ്രായ രൂപീകരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ കരട് നയം, അന്തിമ അനുമതി ലഭിക്കുന്നതോടെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യും.
നഗരത്തിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രണാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ വർഷം മെയ് മാസത്തെ കണക്കനുസരിച്ച് ബെംഗളൂരുവിൽ 1.27 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 86.93 ലക്ഷം ഇരുചക്ര വാഹനങ്ങളും 25 ലക്ഷം കാറുകളും ഉൾപ്പെടുന്നു. പ്രതിമാസം 65,000 എന്ന തോതിലാണ് പുതിയ വാഹനങ്ങൾ നഗരത്തിലെ നിരത്തുകളിലേക്ക് ഇറങ്ങുന്നത്, അതായത് ദിവസേന ശരാശരി 2,200 വാഹനങ്ങൾ. വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോഴും റോഡുകളുടെ വിസ്തൃതി പഴയപടി തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കൃത്യമായ നിയന്ത്രണങ്ങളില്ലാത്തതിനാൽ കാറുകളും ഇരുചക്ര വാഹനങ്ങളും നടപ്പാതകളും ഒഴിഞ്ഞ പൊതുസ്ഥലങ്ങളും കയ്യേറുന്ന അവസ്ഥയാണ്. ഇതിനുമുമ്പ് 2011-ലും 2021-ലും ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (DULT) രണ്ട് പാർക്കിങ് നയങ്ങൾ തയ്യാറാക്കിയിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, പുതിയ കരട് നയത്തിൽ മുൻ നിർദ്ദേശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ശക്തമായ നിയമ-സാമ്പത്തിക നിയന്ത്രണങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
പുതിയ നിയമപ്രകാരം സൈക്കിൾ പാർക്കിങ്, നിശ്ചിത ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ എന്നിവയൊഴികെ നഗരത്തിലെ മറ്റെല്ലാ പൊതുപാർക്കിങ് സൗകര്യങ്ങൾക്കും ഫീസ് ഈടാക്കും. സ്വന്തം വീടിന് മുന്നിലെ റോഡിൽ വാഹനം പാർക്ക് ചെയ്യണമെങ്കിൽ പോലും ഇനിമുതൽ പണം നൽകേണ്ടി വന്നേക്കാം. ആവശ്യക്കാരും തിരക്കും കൂടുന്നതിനനുസരിച്ച് പാർക്കിങ് നിരക്കുകളിൽ മാറ്റംവരുന്ന ഡൈനാമിക് പ്രൈസിങ് രീതിയാണ് വിഭാവനം ചെയ്യുന്നത്. ദീർഘനേരം വാഹനം പാർക്ക് ചെയ്യുന്നവർ കൂടുതൽ തുക നൽകേണ്ടിവരും. താമസമേഖലകളിൽ റെസിഡൻഷ്യൽ പെർമിറ്റ് സംവിധാനം നടപ്പിലാക്കും. ഇവിടെ വസ്തു ഉടമകൾ വാർഷിക പെർമിറ്റ് ഫീസും, സന്ദർശകർ ദിവസേനയുള്ള നിശ്ചിത നിരക്കും നൽകണം. മുൻ നയങ്ങളിൽ ഇവ ഉൾപ്പെടുത്തിയിരുന്നെങ്കിലും രാഷ്ട്രീയ തിരിച്ചടികൾ ഭയന്നാണ് നടപ്പാക്കാതിരുന്നത്.
റോഡരികിലെ പാർക്കിങ് പരമാവധി കുറച്ച്, വാഹനങ്ങളെ പ്രത്യേക ഓഫ്-സ്ട്രീറ്റ് പാർക്കിങ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് പ്രധാന ലക്ഷ്യം. പാർക്കിങ് പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി ഉടമകളുടെ സമ്മതത്തോടെ പാർക്കിങ് കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന പറമ്പുകൾ പൊതുപാർക്കിങ്ങിനായി വിട്ടുനൽകുന്ന ഭൂവുടമകൾക്ക് 35 വർഷം വരെ സ്വത്ത് നികുതിയിളവ് നൽകാൻ കരടിൽ ശുപാർശയുണ്ട്. എന്നാൽ ഈ ഇളവ് ലഭിക്കണമെങ്കിൽ വർഷത്തിൽ കുറഞ്ഞത് 250 ദിവസവും, ദിവസത്തിൽ 12 മണിക്കൂറും ഈ സ്ഥലം പാർക്കിങ്ങിനായി മാത്രം മാറ്റിവെക്കണം. മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ ഇളവ് ലഭിക്കില്ല. ഇതിനുപുറമെ മൾട്ടി-ലെവൽ കാർ പാർക്കിങ്ങുകൾ, ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള (PPP) പദ്ധതികൾ എന്നിവയും പ്രോത്സാഹിപ്പിക്കും.
മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള റോഡുകൾ പാർക്കിങ് കേന്ദ്രങ്ങളായി മാറുന്നത് തടയാൻ ഈ മേഖലകളിൽ പാർക്കിങ് പൂർണ്ണമായി നിരോധിക്കും. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റോഡുകളിലോ നടപ്പാതകളിലോ ഏഴ് ദിവസത്തിൽക്കൂടുതൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന വാഹനങ്ങളും, ഓഫ്-സ്ട്രീറ്റ് പാർക്കിങ് കേന്ദ്രങ്ങളിൽ 15 ദിവസത്തിൽക്കൂടുതൽ കിടക്കുന്ന വാഹനങ്ങളും അധികൃതർ കണ്ടുകെട്ടും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പോലീസിന്റെ ഓൺലൈൻ അനുമതിയോടെ സ്റ്റേഷനിലേക്ക് മാറ്റാൻ അംഗീകൃത സ്വകാര്യ പാർക്കിങ് ഓപ്പറേറ്റർമാർക്കും അധികാരം നൽകും. ഇവരെ പൊതുസേവകരായി കണക്കാക്കി പിഴ ഈടാക്കാനുള്ള ചുമതലയും നൽകും. സ്വന്തം കെട്ടിടങ്ങളിൽ പാർക്കിങ് ഏരിയ അനുവദിച്ച ശേഷം അത് മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിയ കെട്ടിട ഉടമകൾക്കെതിരെ കർശന നടപടിയുണ്ടാകും. ചട്ട ലംഘനം നടത്തുന്ന കെട്ടിടങ്ങളിൽനിന്ന് പാർക്കിങ് കുറവുള്ള ഓരോ സ്ഥലത്തിനും പ്രതിവാരം 1,000 രൂപ വീതം പിഴ ഈടാക്കാനും നിയമം ലംഘിക്കുന്നത് തുടർന്നാൽ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കാനും കരട് വ്യവസ്ഥ ചെയ്യുന്നു.
നഗരത്തിന് ശക്തമായ ഒരു പാർക്കിങ് മാനേജ്മെന്റ് ആവശ്യമാണെന്ന് നഗരാസൂത്രകർ സമ്മതിക്കുന്നുണ്ടെങ്കിലും, അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. അനധികൃത കെട്ടിട നിർമ്മാണങ്ങൾ തടഞ്ഞാൽത്തന്നെ പകുതി പാർക്കിങ് പ്രശ്നങ്ങളും തീരുമെന്നും, പുതിയ വാഹനം വാങ്ങുന്നതിന് മുമ്പ് പാർക്കിങ് സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിയമമാണ് ആദ്യം വേണ്ടതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. കെട്ടിടങ്ങളുടെ ബേസ്‌മെന്റുകളിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ താമസക്കാരിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെടുന്നു.
അതേസമയം, വിപണി നിരക്കിന് ആനുപാതികമായി പാർക്കിങ് ഫീസ് ഈടാക്കുന്നത് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നു. നയം ഒറ്റയടിക്ക് നഗരത്തിലുടനീളം നടപ്പാക്കുന്നതിന് പകരം, ആദ്യം വാണിജ്യ തെരുവുകളിൽ പരീക്ഷിച്ച് വിജയം ഉറപ്പാക്കിയ ശേഷം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതാകും കൂടുതൽ പ്രായോഗികമെന്ന് നഗരാസൂത്രണ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു.
