റോസ്തോവ്: രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവിശ്വസനീയമാംവണ്ണം തിരിച്ചുവന്ന ബെൽജിയം അവസാനശ്വാസത്തിൽ നേടിയ ഗോളിനാണ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ജപ്പാനെ മറികടന്നത്. അവസാന അര മണിക്കൂറിനിടെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ബെല്‍ജിയം ജപ്പാന്റെ അട്ടിമറി സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
യാന്‍ വെര്‍ട്ടോഗന്‍ (69ാം മിനിറ്റ്), മരൗനെ ഫെല്ലയ്‌നി (74), നാസര്‍ ചാഡ്‌ലി (90+5) എന്നിവരാണ് ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍. ഗെങ്കി ഹരാഗുച്ചി (48) തകാഷി ഇനൂയി (52) എന്നിരുടെ വകയായിരുന്നു ജപ്പാന്റെ ഗോളുകള്‍. കളിയിലുടനീളം ബെല്‍ജിയത്തിനു തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജപ്പാനും തങ്ങളുടെ സാന്നിധ്യമറിയിച്ചു. മല്‍സരം എക്‌സ്ട്രാടൈമിലേക്ക് നീങ്ങുമെന്നിരിയിക്കെയായിരുന്നു അവസാന സെക്കന്റില്‍ ബെല്‍ജിയത്തിന്റെ നാടകീയ ഗോള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളികള്.
നാലു മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ചാണ് ഏഷ്യയുടെ ഏക പ്രതിനിധിയായ ജപ്പാന്‍ ആദ്യം ബെല്‍ജിയത്തെ ഞെട്ടിച്ചത്. നാൽപത്തിയെട്ടാം മിനിറ്റിൽ ഗെംഗി ഹരാഗുച്ചിയാണ് ആദ്യം ഗോൾ നേടിയത്. മധ്യനിരയിൽ നിന്ന് ഷിബാസാക്കി ബെൽജിയൻ പ്രതിരോധത്തിന്റെ വിള്ളലിലൂടെ കൊടുത്ത ബുദ്ധിപരമായ ത്രൂപാസ് പിടിച്ചാണ് ഹരാഗുച്ചി ഗോളിയെ തോൽപിച്ച് വലയിലാക്കിയത്. ഷിബാസാക്കിയുടെ പാസ് തടയുന്നതിൽ സെന്റർ ബാക്ക് വെർട്ടോഗൻ വരുത്തിയ ഗുരുതരമായ പിഴവാണ് ഹരാഗുച്ചിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.
ഗോൾ വീണ അടുത്ത ക്ഷണത്തിൽ തന്നെ ബെൽജിയം ഒന്നാന്തരം പ്രത്യാക്രമണം നടത്തി. ഗോൾ മടക്കുമെന്ന് ദൃഢനിശ്ചയത്തോടെയായിരുന്നു അവരുടെ അടുത്ത നീക്കങ്ങൾ. എന്നാൽ, സംഭവിച്ചത് ഒരു ആന്റി ക്ലൈമാക്സ്. നാല് മിനിറ്റിനുള്ളിൽ ജപ്പാൻ വീണ്ടും വല കുലുക്കി. തകാഷി ഇനുയിയാണ് സ്കോറർ. കഗാവ കൊടുത്ത കൊടുത്ത പന്ത് ബോക്സിന് മുകളറ്റത്ത് വച്ച് സമയമെടുത്ത് ഇന്യുയി നിറയൊഴിച്ചപ്പോൾ വെറുതെ ഡൈവ് ചെയ്യാനേ ഗോളിക്ക് കഴിഞ്ഞുള്ളൂ. പന്തിൽ കാലിൽ വച്ച് ഉന്നം പിടിക്കാനുള്ള സമയം യഥേഷ്ടം അനുവദിച്ചു ബെൽജിയൻ പ്രതിരോധക്കാർ.
എന്നാല്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരട്ടപ്രഹരത്തില്‍ തളരാതെ അവിശ്വസനീയാംവിധം ഗംഭീരതിരിച്ചുവരവ് നടത്താന്‍ അവര്‍ക്കായി. തുടക്കം മുതലേ അവസരങ്ങള്‍ യഥേഷ്ടം ലഭിച്ച ബെല്‍ജിയത്തിന് പലപ്പോഴും ഫിനിഷിങ് നടത്തനായില്ല. ഹസാര്‍ഡും ലുക്കാക്കുവും തുടരെ തുടരെ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വലയില്‍ മാത്രം പന്ത് കയറ്റാനായില്ല തുടക്കത്തില്‍.
സമനില പിടിച്ചതിന് ശേഷവും ബെല്‍ജിയത്തിന് ഇരട്ട സുവര്‍ാവസരം നഷ്ടമാകുന്ന കാഴ്ചയും കണ്ടു. ഗോള്‍ കീപ്പര്‍ എയ്ജി കവാഷിമയുടെ ഗംഭീര സേവിങ്ങാണ് ജപ്പാനെ രക്ഷിച്ചത്. ചാഡ്‌ലിയുടേയും ലൂക്കാക്കുവിന്റെയും ഹെഡറുകള്‍ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കവാഷിമ തടഞ്ഞിട്ടത്. എന്നാല്‍ മത്സരം തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബെല്‍ജിയം നടത്തിയ മിന്നാലാക്രമണം തടയാന്‍ കവാഷിമക്കും കഴിഞ്ഞില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.