ആദ്യ മുഖ്യമന്ത്രി എസ്. നിജലിംഗപ്പയുടെ വീട് സ്മാരകമാക്കാൻ പദ്ധതി

ബെംഗളൂരു: ഭാഷാടിസ്ഥാനത്തിൽ കർണാടകസംസ്ഥാനം (പഴയ മൈസൂരു സംസ്ഥാനം) രൂപം കൊണ്ടതിനുശേഷമുള്ള ആദ്യമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. നിജലിംഗപ്പയുടെ വീട് വിലയ്ക്കുവാങ്ങി സ്മാരകമാക്കിമാറ്റാൻ സിദ്ധരാമയ്യ സർക്കാർ. ചിത്രദുർഗയിൽ 1939-ൽ നിജലിംഗപ്പ നിർമിച്ച വീട് 4.18 കോടി രൂപയ്ക്ക് സർക്കാർ വാങ്ങും.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് രൂപംനൽകാനുള്ള പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽനിന്ന് ആധുനിക കർണാടകത്തിന്റെ ശില്പിയായി മാറിയ നിജലിംഗപ്പയുടെ ഓർമ്മകളെ ഈ വീട് വരുംതലമുറകളിലേക്ക് പകരും.

സ്വാതന്ത്ര്യസമരസേനാനിയായി പൊതുപ്രവർത്തനം തുടങ്ങി രണ്ടുതവണ കർണാടക മുഖ്യമന്ത്രിയായും പിന്നീട് എ.ഐ.സി.സി. അധ്യക്ഷനായും മാറിയ നിജലിംഗപ്പ ദേശീയ രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളെ നിർണയിച്ച നേതാവാണ്.

നിജലിംഗപ്പയുടെ വീട് സർക്കാർ വാങ്ങി സ്മാരകമാക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നതാണ്. സർക്കാർ ഇതിന് ഫണ്ടനുവദിക്കുകയും ചെയ്തിരുന്നു. പക്ഷേ, പദ്ധതി നീണ്ടുപോയി.

നിജലിംഗപ്പയുടെ വിൽപ്പത്രവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നിയമപ്രശ്നമുന്നയിച്ചതായിരുന്നു കാരണം.

ഇതേത്തുടർന്ന് നിജലിംഗപ്പയുടെ പേരമകൻ വിനയ് ശങ്കർ 10 കോടി രൂപയ്ക്ക് വീട് വിൽക്കാൻവെച്ചതായി സാമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു.

ഇതിനുപിന്നാലെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.

‘വിനയ് നിവാസ്’ എന്ന പേരിൽ 5000 ചതുരശ്ര അടി വിസ്തൃതിയുള്ള വീടും സ്ഥലവുമാണിത്. നിജലിംഗപ്പയ്ക്ക് ആറ് പെൺമക്കളും മൂന്ന് ആൺമക്കളുമാണുള്ളത്. ആൺമക്കളിൽ കിരൺ ശങ്കർമാത്രമേ വിവാഹം കഴിച്ചുള്ളൂ.

ഇദ്ദേഹത്തിന്റെ മകൻ വിനയിന്റെ പേരിലാണ് വിൽപ്പത്ര പ്രകാരം വീട്. കിരൺ ശങ്കറാണ് വീട് നിലവിൽ സംരക്ഷിക്കുന്നത്. ഇദ്ദേഹം ബെംഗളൂരുവിലാണ് താമസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us