ബെംഗളൂരു : ബി.ജെ.പി.യുടെ എം.എൽ.എ.യും മുൻ മന്ത്രിയുമായ മുനിരത്നയുടെ പേരിലുള്ള ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം.
ബി.ജെ.പി.യുടെ മുൻമന്ത്രിയും ഇപ്പോൾ പ്രതിപക്ഷനേതാവുമായ ആർ. അശോകിനെ എച്ച്.ഐ.വി. വൈറസ് കലർത്തിയ സൂചികൊണ്ട് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ.
മുനിരത്നയ്ക്കുവേണ്ടി ഗൂഢാലോചന നടത്തിയതിന് ബെംഗളൂരു ഹെബ്ബഗൊടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇയാൻ റെഡ്ഡിയെ എസ്.ഐ.ടി. അറസ്റ്റ് ചെയ്തു.
2020-ലാണ് ഗൂഢാലോചന നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എച്ച്.ഐ.വി. ബാധിച്ചയാളുടെ രക്തം കലർന്ന സൂചികൊണ്ട് ജന്മദിനാഘോഷത്തിനിടെ അശോകിനെ ആക്രമിക്കാനായിരുന്നു ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കിയത്.
ഇതിനായി ഒരു യുവാവിനെ ഏർപ്പാടാക്കി. പക്ഷേ, ഇയാൾ പിന്നീട് പിന്മാറുകയായിരുന്നു. യുവാവിനെ എസ്.ഐ.ടി. കണ്ടെത്തുകയും മജിസ്‌ട്രേറ്റിന്റെ മുൻപിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്.
സെപ്റ്റംബർ 21-നാണ് മുനിരത്നയെ ലൈംഗിക പീഡനക്കേസിൽ കഗ്ഗാലിപുര പോലീസ് അറസ്റ്റു ചെയ്തത്. 40-കാരി നൽകിയ പരാതിയിലായിരുന്നു നടപടി.
പിന്നീട് ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. രാഷ്ട്രീയ എതിരാളികളെ മുനിരത്ന തേൻകെണിയിൽ കുടുക്കാൻ ശ്രമിച്ചെന്നും ഇതിനായി എച്ച്.ഐ.വി. ബാധിതയായ സ്ത്രീയെ ഉപയോഗിച്ചെന്നും പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.