ബെംഗളൂരു : ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി.
സിദ്ധരാമയ്യയുടെപേരിൽ ലോകായുക്തയിൽ പരാതിനൽകിയ മൈസൂരു സ്വദേശിനി സ്നേഹമയി കൃഷ്ണയാണ് ഇ.ഡി.ക്ക് പരാതിയയച്ചത്.
സിദ്ധരാമയ്യയുടെപേരിൽ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു.
ലോകായുക്ത സംസ്ഥാന സർക്കാരിനു കീഴിലായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസി സിദ്ധരാമയ്യയുടെ പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ ഉന്നയിച്ച ആവശ്യം.
സ്നേഹമയി കൃഷ്ണ ഉൾപ്പെടെ മൂന്നുപേർ നൽകിയ അപേക്ഷയിലാണ് സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹലോത് അനുമതിനൽകിയത്.
ഇതിനെതിരേ സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുക്കാൻ ലോകായുക്തയോട് ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആവശ്യപ്പെട്ടത്.
അതിനിടെ, സിദ്ധരാമയ്യയുടെ ഹർജി തള്ളിയ ഹൈക്കോടതിവിധിക്കെതിരായ പരാമർശം നടത്തിയതിന് മന്ത്രി സമീർ അഹമ്മദ് ഖാന്റെപേരിൽ കോടതിയലക്ഷ്യ കേസെടുക്കണമെന്ന് മലയാളി അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രാഹം ആവശ്യപ്പെട്ടു.
ഇതിന് അനുമതിതേടി അഡ്വക്കറ്റ് ജനറലിന് അദ്ദേഹം കത്തുനൽകി. ഹൈക്കോടതി വിധി രാഷ്ട്രീയവിധിയാണെന്നായിരുന്നു സമീർ അഹമ്മദ് ഖാന്റെ പരാമർശം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.