ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പരസ്യമായി പിന്തുണച്ച് ലിംഗായത്ത് മഠാധിപതികളുടെ കൂട്ടായ്മ രംഗത്ത്. സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകണമെന്ന വിദഗ്ധസമിതി ശുപാർശ സംസ്ഥാന സർക്കാർ തുടർനടപടിക്കായി കേന്ദ്രത്തിനു സമർപ്പിച്ച പശ്ചാത്തലത്തിലാണിത്. വിവിധ മഠാധിപതികൾ ഉൾപ്പെടെ മുപ്പതോളം മുതിർന്ന സന്യാസിമാർ പങ്കെടുത്ത യോഗം, ന്യൂനപക്ഷ പദവി ആവശ്യത്തെ പിന്തുണയ്ക്കാൻ ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ മാസം 18നു ബസവ ജയന്തിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമതമെന്ന ആവശ്യത്തെ സിദ്ധരാമയ്യ സർക്കാരാണ് പിന്തുണച്ചതെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ലിംഗായത്തുകളുടെ ആദ്യ വനിതാ ആത്‌മീയനേതാവായ മാതേ മഹാദേവി പറഞ്ഞു. ബിജെപിക്കു പകരം കോൺഗ്രസിനെ പിന്തുണയ്ക്കാനും സമുദായാംഗങ്ങളോട് ഇവർ ആഹ്വാനം ചെയ്തു.
സ്വതന്ത്ര മതപദവിക്കായി ശുപാർശ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്കാണ് സമുദായം പിന്തുണ നൽകേണ്ടതെന്നു സന്യാസിമാർ പറഞ്ഞു. അതിനാൽ കോൺഗ്രസിനെയും സിദ്ധരാമയ്യയെയും പിന്തുണയ്ക്കേണ്ടതുണ്ട്. ലിംഗായത്ത് സന്യാസിമാർ സാമൂഹികവിരുദ്ധരിൽ നിന്നു പണം വാങ്ങിയെന്നു പറഞ്ഞ് ആർഎസ്എസ് ജനങ്ങളെ വഴി തെറ്റിക്കുകയാണ്. ലിംഗായത്തുകൾക്കു മതന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപ്പെട്ടുള്ള ശുപാർശ ഇതുവരെ ലഭിച്ചില്ലെന്നാണ് അമിത് ഷാ പറഞ്ഞത്.
എന്നാൽ കേന്ദ്രസർക്കാർ ശുപാർശ കൈപ്പറ്റിയെന്നു ന്യൂനപക്ഷ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അമിത് ഷാ അസത്യം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങൾക്കെല്ലാം തങ്ങളുടേതായ മതങ്ങളുണ്ട്. എന്നാൽ 900 വർഷം പാരമ്പര്യമുള്ള ലിംഗായത്ത് സമുദായത്തിനില്ല. സിദ്ധരാമയ്യ ആണു സമുദായത്തിന് അംഗീകാരമുണ്ടാക്കിത്തന്നത്. നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണവും ഇവർ തള്ളി. 10 മാസം മുൻപാണ് ലിംഗായത്ത് മതപദവിക്കായി തങ്ങൾ ആവശ്യമുന്നയിച്ചത്.
അന്നു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായിരുന്നില്ല. ന്യൂനപക്ഷ മതപദവിയെ പിന്തുണയ്ക്കണമെന്നു യോഗത്തിൽ പങ്കെടുത്ത മുരുഗരാജേന്ദ്ര സ്വാമി അമിത് ഷായോട് ആവശ്യപ്പെട്ടു. കർണാടക സന്ദർശനത്തിനിടെ ഇതേ ആവശ്യങ്ങളുന്നയിച്ച് അമിത് ഷായ്ക്കു സ്വാമി നിവേദനം സമർപ്പിച്ചിരുന്നു. സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകാനുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ച ശേഷം ഇതാദ്യമായാണ് സമുദായത്തിലെ ഒരു വിഭാഗം സിദ്ധരാമയ്യയ്ക്കും കോൺഗ്രസിനും പരസ്യപിന്തുണയുമായി രംഗത്തെത്തിയത്. രണ്ടു പതിറ്റാണ്ടിലേറെയായി ബിജെപിയെ പിന്തുണച്ചു പോരുന്ന ലിംഗായത്തുകൾക്കു സംസ്ഥാനത്തെ പകുതിയോളം നിയമസഭാ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.