വിമാനത്താവളത്തിലേക്കുള്ള സദഹള്ളി ടോൾപ്ലാസയിൽ സുരക്ഷാകാരണങ്ങളാൽ ടോൾപിരിവു നിർത്തിവച്ചെന്ന പ്രചാരണം തെറ്റ്;കാശു കൊടുത്തിട്ട് പോയാ മതി!

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സദഹള്ളി ടോൾപ്ലാസയിൽ സുരക്ഷാകാരണങ്ങളാൽ ടോൾപിരിവു നിർത്തിവച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഇവിടെ ടോൾപിരിവു തുടങ്ങിയതായും ഇനിമുതൽ വാഹനങ്ങൾ വിമാനത്താവളത്തിലേക്കു പോകുമ്പോഴും വരുമ്പോഴും ടോൾ നൽകണമെന്നും അധികൃതർ അറിയിച്ചു. ഒരു ഭാഗത്തേക്ക് 80 രൂപയും ഇരുഭാഗത്തേക്കുമായി 125 രൂപയുമാണു നിരക്ക്.കഴിഞ്ഞ ദിവസം തുറന്ന ടോൾപ്ലാസയ്ക്കു നേരെ ആക്രമണം ഉണ്ടായാൽ നേരിടാൻ സുരക്ഷ ഉദ്യോഗസ്ഥരില്ലെന്നും അതിനാൽ ടോൾപിരിവ് താൽക്കാലികമായി നിർത്തിവച്ചുവെന്നുമാണു വാർത്ത പരന്നത്.

എന്നാൽ പൊലീസ് സുരക്ഷ ലഭിച്ചില്ലെന്നതു ശരിവച്ച ദേശീയപാത അധികൃതർ പക്ഷേ ഇതിന്റെപേരിൽ ടോൾപിരിവു മുടങ്ങിയില്ലെന്നു വ്യക്തമാക്കി.ഈ ഭാഗത്തെ ടോൾപ്ലാസകൾക്കു നേരെ യാത്രക്കാരുടെയും മറ്റും ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണു കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ച ടോൾപ്ലാസയ്ക്കും സുരക്ഷ ആവശ്യപ്പെട്ടത്.എന്നാൽ ഇതു സംബന്ധിച്ച് ആവശ്യമായ രേഖകളെല്ലാം ഹാജരാക്കാത്തതിനാൽ സംരക്ഷണം നൽകാൻ സാധിക്കില്ലെന്നു പൊലീസ് അറിയിച്ചിരുന്നു.ബെള്ളാരി ഹൈവേയിൽ സദഹള്ളിയിൽനിന്നുള്ള റോഡിലൂടെ മാത്രമേ ഇതുവരെ വിമാനത്താവളത്തിലേക്കു പോകാനും വരാനും സാധിച്ചിരുന്നുള്ളൂ.

അതിനാൽ വാഹനങ്ങൾ വിമാനത്താവളത്തിൽനിന്നു മടങ്ങുമ്പോൾ ഇരുവശത്തേക്കുമുള്ള ടോൾ ഒരുമിച്ചു വാങ്ങുകയാണു ചെയ്തിരുന്നത്.യാത്രക്കാർക്കു ടോൾബൂത്തിൽ കാത്തുകിടക്കാതെ സമയത്തിന് എത്താൻ ഇതു സഹായകമായിരുന്നു. എന്നാൽ സംസ്ഥാനസർക്കാർ ഹെന്നൂരിൽനിന്നു വിമാനത്താവളത്തിലേക്കു മറ്റൊരു റോഡ് നിർമിച്ചതോടെയാണു സദഹള്ളിയിലൂടെ വരുന്ന വാഹനങ്ങൾ വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ടോൾ പിരിക്കാൻ തീരുമാനിച്ചത്. അതേസമയം ടോൾബൂത്തിൽ വാഹനങ്ങൾ കാത്തുകിടക്കുന്നതു വിമാന യാത്രക്കാരെ ബാധിക്കുമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇവിടെ 15 ബൂത്തുകൾ സജ്ജമാക്കിയതായും വാഹനങ്ങൾ അധികനേരം കാത്തുകിടക്കേണ്ടി വരില്ലെന്നും എൻഎച്ച്എഐ ഉറപ്പു നൽകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us