കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരം കാണാന്‍ വഴിതെളിയുന്നു;എട്ടോ പത്തോ കിലോമീറ്റര്‍ നീളത്തില്‍ മേല്‍പ്പാത (എലിവേറ്റഡ് ഹൈവേ) നിര്‍മിക്കും.

ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരം കാണാന്‍ വഴിതെളിയുന്നു. വനത്തിലൂടെയുള്ള വഴിയില്‍, ഏറ്റവും മര്‍മപ്രധാനമായ ഭാഗത്ത് എട്ടോ പത്തോ കിലോമീറ്റര്‍ നീളത്തില്‍ മേല്‍പ്പാത (എലിവേറ്റഡ് ഹൈവേ) നിര്‍മിക്കാമെന്നാണ് പുതിയ നിര്‍ദേശം. വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ കര്‍ണാടക ഹൈക്കോടതിയാണ് ഇതുവഴിയുള്ള രാത്രിയാത്ര തടഞ്ഞത്. ഇതുസംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയുടെ അന്തിമപരിഗണനയിലാണ്.

ഇതേത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരമെന്ന നിലയില്‍ പുതിയ നിര്‍ദേശമുയര്‍ന്നത്. കേരളവും കര്‍ണാടകവും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം കാണാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതുപ്രകാരം രൂപവത്കരിച്ച ഉന്നതസമിതിയുടേതാണ് നിര്‍ദേശം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും നടത്തിയ കൂടിക്കാഴ്ചയില്‍, ഉന്നതസമിതിയുടെ അധ്യക്ഷന്‍കൂടിയായ കേന്ദ്രഗതാഗത സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

മേല്‍പ്പാത ചെലവേറിയതാണെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ എന്തുകൊണ്ട് അതായിക്കൂടാ എന്ന് മന്ത്രി ഗഡ്കരി അഭിപ്രായപ്പെട്ടു. ഈ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തുചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. രാത്രിയാത്രാ നിരോധനംമൂലം ഏറെ ബുദ്ധിമുട്ടുന്നത് മലയാളികളാണ്. പുതിയ നിര്‍ദേശം വിശദമായി ചര്‍ച്ചചെയ്യാന്‍ കേരളം ഒരുക്കമാണ്. ഇതിനായി കേന്ദ്രം ഇരുസംസ്ഥാനങ്ങളെയും പ്രത്യേകം ചര്‍ച്ചയ്ക്കു വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മൈസൂര്‍-ബന്ദിപ്പുര്‍-വയനാട് പാതയില്‍ !(ദേശീയപാത 212) 28 കിലോമീറ്ററാണ് വന്യമൃഗ സങ്കേതത്തിലൂടെ കടന്നുപോകുന്നത്. ഇതില്‍ എട്ട്-പത്ത് കിലോമീറ്ററിലാണ് കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍. ഈ ഭാഗത്ത് മേല്‍പ്പാലം പണിയാമെന്ന നിര്‍ദേശമാണ് ഉന്നതസമിതി മുന്നോട്ടുവെക്കുന്നത്. ഗതാഗത സെക്രട്ടറിക്കു പുറമേ കേരളം, കര്‍ണാടകം, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍, വനം മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.

സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരം സമിതി ഈ മാസം ആദ്യം ബെംഗളൂരുവില്‍ യോഗം ചേരുകയും ബന്ദിപ്പുര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈസമയം പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ കന്നഡസംഘടനകളും പ്രതിഷേധധര്‍ണ നടത്തിയിരുന്നു. നിരോധനത്തില്‍ ഇളവു ചെയ്യാന്‍ പറ്റില്ലെന്നാണ് കര്‍ണാടകം സമിതിക്കു മുമ്പാകെ പറഞ്ഞത്. 75 കോടിരൂപ ചെലവില്‍ കുട്ട-ഗോണിക്കുപ്പ വഴി ബദല്‍ റോഡ് നിര്‍മിച്ചിട്ടുണ്ടെന്നും അതു പയോഗപ്പെടുത്തണമെന്നുമാണ് കര്‍ണാടകത്തിന്റെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us