തിരുവനന്തപുരം: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
നിലവിൽ തിരുവന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും, തിരിച്ചും സർവീസ് നടത്തുന്ന രാത്രിവണ്ടികളിൽ ടിക്കറ്റ് ലഭിക്കാൻ പാടാണ്.
അവധി ദിനങ്ങളിലെ ടിക്കറ്റ് ആഴ്ചകൾക്ക് മുന്നേ ബുക്കാകുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതോടെ കേരളത്തിലെ രാത്രിയാത്രാ ദുരിതത്തിന് പരിഹാരമായി വണ്ടികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
മംഗലാപുരം – തിരുവനന്തപുരം റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന രാത്രിവണ്ടികൾ മാവേലി എക്സ്പ്രസ്, മാംഗ്ലൂർ എക്സ്പ്രസ്, മലബാർ എക്സ്പ്രസ് എന്നിവയാണ്.
വൈകീട്ട് 7:25ന് തലസ്ഥാനത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് 12 മണിക്കൂർ 50 മിനിറ്റ് എടുത്ത് പിറ്റേന്ന് രാവിലെ 8:15നാണ് മംഗലാപുരത്ത് എത്തുന്നത്. രാത്രി വണ്ടികളിൽ വേഗതയേറിയ ട്രെയിനും ഇതുതന്നെയാണ്. വൈകീട്ട് 6:40ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസ് 15 മണിക്കൂറും 45 മിനിറ്റുമെടുത്ത് പിറ്റേന്ന് രാവിലെ 10:25നാണ് മംഗലാപുരത്ത് എത്തുക. രാത്രി 8:50ന് പുറപ്പെടുന്ന മാംഗ്ലൂർ എക്സ്പ്രസ് 14 മണിക്കൂറും 30 മിനിറ്റുമെടുത്ത് രാവിലെ 11:20നും മംഗളൂരുവിലെത്തും. നിലവിൽ ഈ വണ്ടികളെല്ലാം നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്.
ഈ സാഹചര്യത്തിൽ സെമി ഹൈസ്പീഡ് ട്രെയിൻ എത്തിയാൽ അതിനു മികച്ച പ്രതികരണം ലഭിക്കുമെന്ന് ഉറപ്പാണ്. കേരളത്തിൽ നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് രാജ്യത്ത് തന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരതാണ്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലിറങ്ങുമ്പോൾ കേരളത്തിന് ഒരു ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഈ സാമ്പത്തികവർഷം അവസാനത്തോടെയാകും വന്ദേ ഭാരത് സ്ലീപ്പറുകൾ ഓടിത്തുടങ്ങുക.
റിപ്പോർട്ടുകൾ പ്രകാരം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകളോ നോൺ എസി കംപാർട്ട്മെന്റുകളോ ഉണ്ടാകില്ല.
രാജധാനി ട്രെയിനുകൾ പോലെ പുതിയ ട്രെയിനിലും ഫസ്റ്റ്, സെക്കൻഡ്, തേർഡ് എസി കോച്ചുകളുണ്ടാകും.
അതേസമയം, സൗകര്യങ്ങളുടെ കാര്യത്തിൽ രാജധാനിയേക്കാൾ ഏറെ മുന്നിലാണ് സ്ലീപ്പർ ട്രെയിൻ എന്നതിൽ സംശയമില്ല. അതിനാൽ ടിക്കറ്റ് നിരക്കിൽ മാറ്റങ്ങളുണ്ടാകും.
ആദ്യഘട്ടത്തിൽ 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കും. 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് വന്ദേഭാരത് സ്ലീപ്പറുകൾ.
ഓട്ടോമാറ്റിക് വാതിലുകൾ. സ്ലീപ്പർ ട്രെയിനിൽ സോഫ്റ്റ് ലൈറ്റിംഗ്, ബയോവാക്വം ടോയ്ലറ്റുകൾ, സിസിടിവി ക്യാമറ, സുഖപ്രദമായ ബർത്തുകൾ, ലോക്കോ പൈലറ്റുമായി നേരിട്ട് ആശയവിനിമയം എന്നിവ ഉണ്ടായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.