കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിയിലായ കർണാടക പോലീസിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരൻ.
കർണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തിൽ കൊച്ചിയിലെ പണമിടപാട് സംഘത്തെ തേടി എത്തിയതായിരുന്നു കർണാടക പോലീസുകാർ.
1000 രൂപ തന്നാൽ അഞ്ച് ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫർ ചെയ്ത് കർണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ഈ കേസിലെ പ്രതികളെ സമീപിച്ച് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കർണാടക പോലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ബന്ധുവിനെ കർണ്ണാടക പോലീസ് കൊണ്ടുപോയെന്നും കാശ് തന്നാൽ വിട്ടയക്കാമെന്ന് പറഞ്ഞുവെന്നും ഒരു സ്ത്രീ ഫോണിൽ വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.
കർണാടക പോലീസുകാരുടെ ഫോൺ സംഭാഷണവും ഇവർ പൊലീസിന് കൈമാറി.
25 ലക്ഷം രൂപ തന്നാൽ കേസ് ഒഴിവാക്കാമെന്നായിരുന്നു കർണാടക പോലീസ് ഇവരോട് പറഞ്ഞത്.
ഒടുവിൽ 10 ലക്ഷം രൂപ തന്നാൽ മതിയെന്നായി. പിന്നീട് നാലുലക്ഷം രൂപ വാങ്ങി. ഒരു ചുവന്ന സ്വിഫ്റ്റ് കാറും ഇവർ കൊണ്ടുപോയി.
വിവരം കിട്ടിയ ഉടൻ കളമശ്ശേരി പോലീസ്, കർണാടക പോലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടി.
വാഹനത്തിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
തുടർന്ന് അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളൂരു വൈറ്റ് ഫോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ ഉൾപ്പെടെ നാല് പേർ സംഘത്തിലുണ്ടായിരുന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളായ അഖിൽ ആന്റണി, നിഖിൽ എന്നിവരെ പിടികൂടാൻ വന്ന സംഘത്തിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
ഇതിനെ തുടർന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാർ, ശിവണ്ണ, സന്ദേശ തുടങ്ങിയവർക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കർണാടകയിലെ വൈറ്റ്ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവർ കേരളത്തിലെത്തിയത്.
തുടർന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലാകുന്നതും കേസെടുക്കുന്നതും.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കർണാടക എസ്.സി.പി അറിയിച്ചതായി കൊച്ചി ഡി.സി.പി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.