ബെംഗളൂരു: മറ്റൊരു സംഭവത്തിൽ, പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട 16 കാരിയായ എസ്എസ്എൽസി വിദ്യാർത്ഥിനി ഞായറാഴ്ച വൈകുന്നേരം ബാനസവാഡിയിലെ പിള്ളറെഡ്ഡി നഗറിലെ വീട്ടിൽ തൂങ്ങിമരിച്ചു. അനന്ത്കുമാറിന്റെയും ആശയുടെയും ഏക മകളാണ് മരിച്ച അമൃത. ദൊഡ്ഡ ബാനസവാടിയിലെ മറിയം നിലയ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു.
സംഭവത്തിൽ അധ്യാപികയെ കുറ്റപ്പെടുത്തി, വിദ്യാർത്ഥിനിയുടെ മാതാപിതാക്കളും ബന്ധുക്കളും പെൺകുട്ടിയുടെ മൃതദേഹം സ്‌കൂളിന് മുന്നിൽ കൊണ്ടുവെച്ച് തിങ്കളാഴ്ച പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ച സോഷ്യൽ സയൻസ് പരീക്ഷയ്ക്കിടെ അധ്യാപിക ശാലിനിയുടെ ക്ലാസ്സിൽ നിന്ന് കോപ്പിയടിച്ച അമൃതയെ പിടികൂടിയതായി പോലീസ് പറഞ്ഞു. മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് അധ്യാപിക പെൺകുട്ടിയെ ശാസിക്കുകയും പരീക്ഷ കഴിഞ്ഞ് അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് ക്ലാസ് മുറിയിൽ ഇതേ വിഷയത്തിൽ പെൺകുട്ടിയെ വഴക്ക് പറയുകയും ചെയ്തു. ഇതേതുടർന്ന് ഞായറാഴ്ച വൈകുന്നേരം മാതാപിതാക്കൾ പുറത്ത് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
അമൃതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂളിൽ നടന്നത് മറക്കാൻ തനിക്ക് കഴിയുന്നില്ലെന്നും കുറ്റബോധം കൊണ്ട് ജീവിക്കാൻ കഴിയില്ലെന്നും പെൺകുട്ടി കുറിപ്പ് എഴുതിയിട്ടുണ്ട്. തൂങ്ങി മരിക്കാനുള്ള നടപടി സ്വീകരിച്ചതിന് കത്തിൽ അവൾ മാതാപിതാക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്, എന്നും പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിന്റെയും പിതാവ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ രാമമൂർത്തി നഗർ പോലീസ് അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്കൂൾ ജീവനക്കാരുടെയും മൊഴിയെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ദുഃഖിതരായ മാതാപിതാക്കളും ബന്ധുക്കളും മകളുടെ മൃതദേഹവുമായി സ്‌കൂൾ കവാടത്തിൽ എത്തിച്ച കാഴ്ച കണ്ടുകൊണ്ടാണ് തിങ്കളാഴ്ച രാവിലെ ബാനസവാടിയിലെ മറിയം നിലയ സ്‌കൂളിൽ ശിശുദിനം ആചരിച്ചത്.
പെൺകുട്ടിയുടെ മരണത്തിൽ അധ്യാപിക ഉത്തരവാദിയല്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അമൃത കോപ്പി അടിക്കുന്നത് കണ്ടപ്പോൾ അധ്യാപിക അവളെ ശാസിച്ചു. സംഭവം അറിയിക്കാൻ ഞങ്ങൾ അമൃതയുടെ മാതാപിതാക്കളെ വിളിച്ചിരുന്നു, അവർ കോപ്പി അടിച്ചതിന് അവളെ ശകാരിക്കുകയും ചെയ്തു. പരീക്ഷയ്ക്കിടെ അമൃത കോപ്പിയടിച്ചതിന് ഞങ്ങളുടെ പക്കൽ കൃത്യമായ തെളിവുണ്ട്, എന്നും അവർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.