ദണ്ഡേലി : കർണാടകയിലെ ആദ്യത്തെ കനോപി വാക്ക്വെ (കാട്ടിനുള്ളിലെ നടപ്പാലം) ഉത്തരകന്നഡ ജില്ലയിലെ ദണ്ഡേലി കുവേശിയിൽ ഉദ്ഘാടനത്തിനൊരുങ്ങി. കാളി കടുവസങ്കേതത്തിലുൾപ്പെടുന്ന കുവേശിയിൽ 30 അടി ഉയരത്തിൽ 240 മീറ്റർ നീളത്തിലാണ് നടപ്പാത നിർമാണം പൂർത്തിയായിരിക്കുന്നത്. കർണാടക ടൂറിസം വികസന കോർപറേഷനും വനം വകുപ്പും ചേർന്ന് നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം 18നു മന്ത്രി രമാനാഥ് റായ് നിർവഹിക്കും.
പരിസ്ഥിതി സൗഹാർദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപ്പാത ഒരുക്കിയിരിക്കുന്നതെന്ന് കാളി കടുവ സങ്കേതത്തിലെ ചീഫ് കൺസർവേറ്റർ ഒ.പാലയ്യ പറഞ്ഞു. നടപ്പാതയിൽ പ്രവേശിക്കാൻ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്. കർണാടക ഇക്കോ ടൂറിസം ഡവലപ്മെന്റ് ബോർഡിനാണ് നടത്തിപ്പ് ചുമതല. ഓൺലൈൻ ബുക്കിങ് സൗകര്യവും ആരംഭിക്കും. പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.