ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
നിത്യാനന്ദ തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. 2010 മാർച്ച് 2 ന് നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് ലൈംഗിക ടേപ്പ് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടത്.
നിത്യാനന്ദയ്ക്കെതിരെ കോടതി നിരവധി സമൻസുകൾ പുറപ്പെടുവിച്ചെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാനന്ദ കോടതിയിൽ ഹാജരായിരുന്നില്ല.
ഇയാൾ എവിടെയാണെന്ന് പോലീസിന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിൽ വിചാരണ ആരംഭിച്ച ശേഷം മൂന്ന് സാക്ഷികളെ വിസ്തരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി പ്രതി നിത്യാനന്ദയുടെ അഭാവത്തിൽ വിചാരണ സ്തംഭിച്ച നിലയിൽ ആണ്.
2018 മുതൽ വിചാരണയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ തുടർന്ന് 2020ൽ കോടതി ജാമ്യം റദ്ദാക്കി. കേസിൽ നേരത്തെ നിത്യാനന്ദ, ജാമ്യം ലഭിച്ചതിന് പിന്നാലെ രാജ്യം വിടുകയായിരുന്നു. കാലാവധി അവസാനിച്ച പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ നേപ്പാൾ വഴി ഇക്വഡോറിലേക്കു കടന്നത്.
അതേസമയം യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്ന കേസിലും നിത്യാനന്ദയ്ക്കെതിരെ കർണാടക പോലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
ഇതിനെല്ലാം പുറമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും അന്വേഷണം നടക്കുന്നുണ്ട്.
നിത്യാനന്ദ ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് . സ്വന്തമായി പാസ്പോർട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.