ലക്നൗ : ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ കുത്തിയ 14 പേർക്ക് എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയില്‍ ടാറ്റൂ ചെയ്ത് തരുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവര്‍ക്കാണ് എയ്ഡ്‌സ് പകര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം.
വിവിധ ആശുപത്രിയിലായി പനിയും മറ്റ് രോഗങ്ങളുമായി ഇവർ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് . ഇവര്‍ക്ക് പലവിധ മരുന്നുകള്‍ നല്‍കിയെങ്കിലും രോഗം ഭേദമായില്ല. ടൈഫോയിഡ്, മലേറിയ തുടങ്ങിയ രോഗങ്ങളാണെന്ന് കരുതി പരിശോധന നടത്തിയെങ്കിലും ഇതൊന്നുമല്ലെന്ന് സ്ഥിരീകരിച്ചു. ആശയക്കുഴപ്പത്തിലായ ഡോക്ടര്‍മാര്‍ എച്ചഐവി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്.
വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ എയ്ഡ്‌സ് പിടിപ്പെട്ടവര്‍ ആരും തന്നെ സമീപകാലത്ത് രക്തം സ്വീകരിക്കുകയോ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇവരില്‍ എല്ലാവരിലും പൊതുവായി കണ്ടത് ടാറ്റൂ ആയിരുന്നു. സംശയം തോന്നി ഇക്കാര്യം അന്വേഷിച്ചപ്പോള്‍ എല്ലാ രോഗികളും ഒരേ ടാറ്റൂ ഷോപ്പില്‍ നിന്നാണ് പച്ചകുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി.
വിലക്കുറവില്‍ പച്ചകുത്തി തരുന്ന സ്ഥലമാണെന്നാണ് രോഗികള്‍ പറഞ്ഞത്. ബരഗാവില്‍ നിന്നുള്ള 20-കാരനും നഗ്മയില്‍ നിന്നുള്ള 25-കാരിയും ഉള്‍പ്പെടെ 14 പേര്‍ രോഗബാധിതരായിട്ടുണ്ട്. എല്ലാവരിലും ഒരേ സൂചി ഉപയോഗിച്ചതാകാം രോഗം പടരുന്നതിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. ടാറ്റൂവിന് ഉപയോഗിക്കുന്ന സൂചികള്‍ ചിലവേറിയതാണ്. അതിനാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പണം ലാഭിക്കാന്‍ പലപ്പോഴും രഹസ്യമായി ഒരേ സൂചികള്‍ ഉപയോഗിക്കാറുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.