ബെംഗളൂരു : സംസ്ഥാനത്തു റോഡ് അപകടങ്ങളും അപകട മരണവും കുറഞ്ഞതായി ഗതാഗതവകുപ്പ്. കഴിഞ്ഞ രണ്ടുവർഷത്തെ ജനുവരി–സെപ്റ്റംബർ കാലയളവിലെ അപകടങ്ങൾ തമ്മിൽ നടത്തിയ താരതമ്യത്തിലാണ് ഗതാഗതവകുപ്പിന് ആശ്വാസം പകരുന്ന കണ്ടെത്തൽ. മുൻവർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ 5.3% കുറഞ്ഞപ്പോൾ അപകട മരണങ്ങളിൽ 9% കുറവുണ്ടായി. 2016ൽ ജനുവരി–സെപ്റ്റംബറിൽ സംസ്ഥാനത്ത് 33,437 അപകടങ്ങളാണുണ്ടായത്. 8371 പേർ മരിച്ചു. കഴിഞ്ഞ വർഷം സമാന കാലയളവിൽ 31,658 അപകടങ്ങളിലായി 7640 പേർ മരിച്ചു.
പരുക്കേറ്റവരുടെ എണ്ണം 41,217ൽ നിന്ന് 39,879 ആയി. റോഡ് സുരക്ഷയ്ക്കായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ച നടപടികളാണ് അപകടങ്ങൾ കുറയാൻ കാരണമെന്നു ഗതാഗതവകുപ്പ് അധികൃതർ പറയുന്നു. നിലവിലെ റോഡ് സുരക്ഷാ സെൽ റോഡ് സുരക്ഷാ അതോറിറ്റിയായി ഉയർത്താനും നീക്കമുണ്ട്.