സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

ബെംഗളൂരു: കർണാടക കോൺഗ്രസിലെ ദീർഘനാളത്തെ അധികാര തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിനെ കൊണ്ടുവരാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ ധാരണയായതായാണ് സൂചന. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ആവശ്യപ്പെട്ട ഹൈക്കമാൻഡ്, അദ്ദേഹത്തിന് രാജ്യസഭാ സീറ്റും ഒപ്പം ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിദ്ധരാമയ്യ കേന്ദ്ര നേതൃത്വത്തോട് സമയം ചോദിച്ചതായാണ് വിവരം.

കേന്ദ്ര തീരുമാനത്തിന് പിന്നാലെ സിദ്ധരാമയ്യ തന്റെ വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും താൻ അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് സൂചനകൾ. വരുന്ന ബുധനാഴ്ചയോടെ തന്നെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും മറ്റ് അഭ്യൂഹങ്ങളിൽ സത്യമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, നേതൃമാറ്റം ഉറപ്പാക്കുന്ന നീക്കങ്ങളാണ് ബെംഗളൂരുവിൽ നടക്കുന്നത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

വ്യാഴാഴ്ച രാവിലെ സിദ്ധരാമയ്യ തന്റെ മന്ത്രിമാർക്കായി ഒരു പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഈ യോഗത്തിൽ വെച്ച് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിൽ എത്തും. കാര്യങ്ങൾ തീരുമാനിച്ചതുപോലെ മുന്നോട്ടുപോയാൽ അടുത്ത ഒരു ആഴ്ചയ്ക്കുള്ളിൽ പുതിയ സർക്കാർ അധികാരമേൽക്കും. സിദ്ധരാമയ്യയുടെ വിശ്വസ്തരായ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി പുതിയ സർക്കാരിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി പദം ഡി.കെ ശിവകുമാറിന് കൈമാറാമെന്ന ധാരണ കേന്ദ്ര നേതൃത്വം നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികൾ വാദിച്ചിരുന്നു. ഈ തർക്കമാണ് ഇപ്പോൾ പരിഹാരത്തിലേക്ക് നീങ്ങുന്നത്. കർണാടകയിലെ പ്രബല വിഭാഗങ്ങളായ വൊക്കലിഗ, ലിംഗായത്ത് സമുദായ സമവാക്യങ്ങളെ മറികടക്കാൻ കോൺഗ്രസിനെ സഹായിച്ച പിന്നാക്ക-ദളിത്-ന്യൂനപക്ഷ (അഹിന്ദ) വിഭാഗങ്ങളുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉള്ളതിനാൽ, നേതൃമാറ്റം പാർട്ടിയെ ബാധിക്കുമോ എന്ന ആശങ്ക ഹൈക്കമാൻഡിന് ഉണ്ടായിരുന്നു. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് കോൺഗ്രസ് ഇതുവരെ ഈ തീരുമാനത്തിൽ നിന്നും മാറിനിന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുകയും, ഡി.കെ ശിവകുമാറിന്റെ അനുയായികളുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം ശക്തമാവുകയും ചെയ്തതോടെയാണ് പാർട്ടി നേതൃത്വം ഇപ്പോൾ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

സിദ്ധരാമയ്യയുടെ രാജി തീരുമാനത്തിൽ അദ്ദേഹത്തോട് അടുത്ത ഒരുവിഭാഗം നേതാക്കൾക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് എല്ലാ വശങ്ങളും ചിന്തിക്കണമെന്ന് അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഡൽഹിയിലുള്ള സിദ്ധരാമയ്യ രാത്രിയോടെ ബെംഗളൂരുവിൽ തിരിച്ചെത്തും. അദ്ദേഹം പദവി ഒഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുമോ, അതോ സംസ്ഥാനത്ത് തന്നെ തുടരാൻ സമ്മർദ്ദം ചെലുത്തുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts