ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

ബെംഗളൂരു: ഉപഭോക്താക്കൾ ഓർഡർ റദ്ദാക്കിയെന്ന് വ്യാജമായി കാണിച്ച് കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വിലകൂടിയ സാധനങ്ങൾ തട്ടിയെടുത്ത നാല് ഡെലിവറി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു അമൃതഹള്ളിയിലെ ഫ്ലിപ്കാർട്ട് ഡെലിവറി ഹബ് കേന്ദ്രീകരിച്ച് നടന്ന 4.2 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡെലിവറി ബോയ്മാരായ നിതിൻ മൂർത്തി, വിഷ്ണു, ഗിരീഷ്, ആകാശ് എന്നിവർക്കെതിരെയാണ് ഫ്ലിപ്കാർട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എം.എസ്. സർദാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ലിപ്കാർട്ടിന്റെ ഡെലിവറി-റിട്ടേൺ സംവിധാനത്തിലെ ലൂപ്പുകൾ മുതലെടുത്തായിരുന്നു ഇവരുടെ തട്ടിപ്പ്. പ്രതികൾ തങ്ങളുടെ സ്വന്തം പേരിലോ സുഹൃത്തുക്കളുടെ പേരിലോ മൊബൈൽ ഫോണുകൾ, ഇയർബഡുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, ഷൂസുകൾ തുടങ്ങിയ വിലകൂടിയ സാധനങ്ങൾ ഓർഡർ ചെയ്യും. തുടർന്ന് ഹബ്ബിൽ നിന്ന് ഈ പാഴ്സലുകൾ ഡെലിവറിക്കായി കൈപ്പറ്റിയ ശേഷം, അതിനുള്ളിലെ അസൽ സാധനങ്ങൾ മാറ്റി പകരം വിലകുറഞ്ഞതോ വ്യാജമായതോ ആയ സാധനങ്ങൾ വെച്ച് പാക്കറ്റുകൾ വീണ്ടും സീൽ ചെയ്യുകയായിരുന്നു ഇവരുടെ രീതി.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഇതിനുശേഷം, ഉപഭോക്താക്കളെ സ്ഥലത്ത് കിട്ടാത്തതുകൊണ്ട് ഓർഡർ റദ്ദാക്കിയെന്ന് കാണിച്ച് ഇവർ ഈ വ്യാജ പാക്കറ്റുകൾ തിരികെ ഓഫീസിൽ ഏൽപ്പിക്കും. ഉയർന്ന മൂല്യമുള്ള സാധനങ്ങൾ അടങ്ങിയ പാഴ്സലുകൾ നിരന്തരം ക്യാൻസൽ ആകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്പനി അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് കോലാർ ജില്ലയിലെ മാലൂരിലുള്ള ഫ്ലിപ്കാർട്ടിന്റെ പ്രധാന ഹബ്ബിലേക്ക് തിരിച്ചയച്ച പാഴ്സലുകൾ പരിശോധിച്ചപ്പോൾ ഇവയിൽ വ്യാജ ഉൽപ്പന്നങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ 40 ഓളം ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ മാറ്റിസ്ഥാപിക്കപ്പെട്ടതായും 4.2 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും കണ്ടെത്തി. കേസിൽ വിഷ്ണുവാണ് പ്രധാന പ്രതിയെന്നും സ്വന്തം പേരിലും വിലാസത്തിലും ഓർഡറുകൾ നൽകിയതാണ് പ്രതികൾക്ക് വിനയായതെന്നും പോലീസ് പറഞ്ഞു. കമ്പനി അന്വേഷണം ആരംഭിച്ചതോടെ വിഷ്ണു, മൂർത്തി, ആകാശ് എന്നിവർ ജോലി ഉപേക്ഷിച്ചു. എന്നാൽ ജോലിയിൽ തുടർന്ന ഗിരീഷ് 4-5 ഓർഡറുകളിൽ തനിക്ക് പങ്കുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഒരു ഏജൻസി വഴി കരാർ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരാണ് നാലുപേരും. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ ബാക്കി ജീവനക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts