ബെംഗളൂരു: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാറിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി സഹോദരങ്ങൾ മരിച്ചു. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർക്ക് പരുക്കേറ്റു. ബെംഗളൂരു–സേലം ദേശീയപാതയിൽ (എൻഎച്ച് 844) കൃഷ്ണഗിരിക്കു സമീപം കുറുവരപള്ളിയിൽ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം.
ദിവ്യയുടെയും ദീപക്കിന്റെയും അച്ഛൻ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ രവീന്ദ്രൻ (59), ഭാര്യ പാർവതി (53), ഇവരുടെ മറ്റൊരു മകൾ രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), അമ്മ സരോജിനി (68), ദിവ്യ – വിനീത് ദമ്പതികളുടെ മക്കളായ അഭിൻദേവ് (12), അഖിൽദേവ് (9) എന്നിവർക്കാണു പരുക്ക്. സരോജിനിക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ പുലർച്ചെ 4ന് കുറുവരപള്ളിയിലായിരുന്നു അപകടം.
ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ 9 അംഗ സംഘം നാട്ടിലേക്കു മടങ്ങുന്നതിനിടെ കാറിന്റെ പഞ്ചറായ ടയർ മാറ്റാനാണ് നിർത്തിയിട്ടത്. ടയർ മാറ്റിയ ശേഷം യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണു പിന്നിൽ ലോറി ഇടിച്ചത്.
ദിവ്യയും ദീപക്കും കാറിൽ കയറാനായി പുറത്തു നിൽക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ലോറി പാഞ്ഞുകയറിയതിനെ തുടർന്ന് അടിയിൽ കുടുങ്ങിയ ഇരുവരും തൽക്ഷണം മരിച്ചു.
വിനീതിന് കാലിന് ഗുരുതരമായി പരുക്കേറ്റു.
കാർ പൂർണമായി തകർന്നു. കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഹൊസൂർ കൈരളി സമാജം പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. കുറുവരപള്ളി പൊലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]