ബെംഗളൂരു: വെസ്റ്റ് ബെംഗളൂരുവിലെ പദരായനപുരയിൽ സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പദരായനപുര സെവൻത് ക്രോസ് നിവാസി മുബാറക് (26) ആണ് ശനിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പദരായനപുര സ്വദേശിയായ തബ്രേസിനെ (46) പോലീസ് അറസ്റ്റ് ചെയ്തു.
മെയ് ഒന്നിനാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. മുബാറക്കിന്റെ ഓട്ടോറിക്ഷയുടെ സീറ്റ് തബ്രേസ് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അന്ന് രാവിലെ 10 മണിയോടെ ഇരുവരും തമ്മിൽ നടുറോഡിൽ വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായി. നാട്ടുകാർ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു വിട്ടെങ്കിലും പക തീരാത്ത തബ്രേസ് ഉച്ചയ്ക്ക് 12.30-ഓടെ വീണ്ടും മുബാറക്കിനെ സമീപിച്ചു.
തടികൊണ്ടുള്ള കഷ്ണം ഉപയോഗിച്ച് തബ്രേസ് മുബാറക്കിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ് ബോധരഹിതനായ മുബാറക്കിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കോമ അവസ്ഥയിൽ ചികിത്സയിലായിരുന്ന മുബാറക് ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
കൊലക്കുറ്റം ചുമത്തി പോലീസ്
സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത് തബ്രേസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുബാറക്കിന്റെ മരണത്തോടെ ജഗജീവൻറാം നഗർ പോലീസ് കേസിൽ കൊലപാതകക്കുറ്റം (IPC 302) കൂടി ഉൾപ്പെടുത്തി. ഒരു വർഷം മുമ്പാണ് മുബാറക്കിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയുമൊത്ത് മാറി താമസിച്ചു വരികയായിരുന്നു ഇയാൾ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
