ബെംഗളൂരു: ഐപിഎൽ മത്സരങ്ങൾക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുന്ന ക്രിക്കറ്റ് ആരാധകർക്ക് യാത്രാക്ലേശം ഒഴിവാക്കാൻ വിപുലമായ സൗകര്യങ്ങളൊരുക്കി നമ്മ മെട്രോയും (BMRCL) ബിഎംടിസിയും (BMTC).
ഏപ്രിൽ 18, 24 തീയതികളിൽ നടക്കുന്ന മത്സരങ്ങളോടനുബന്ധിച്ച് മെട്രോയുടെ പ്രവർത്തന സമയം പുലർച്ചെ 2 മണി വരെ നീട്ടിയതായി ബിഎംആർസിഎൽ അറിയിച്ചു. സ്റ്റേഡിയത്തിൽ നിന്ന് മത്സരം കഴിഞ്ഞ് മടങ്ങുന്നവർക്കായി രാത്രി 11 മണി മുതൽ പുലർച്ചെ 2 മണി വരെ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
മെട്രോ സമയക്രമത്തിൽ വരുത്തിയ മാറ്റം അനുസരിച്ച് വൈറ്റ്ഫീൽഡിലേക്കുള്ള അവസാന ട്രെയിൻ രാത്രി 12:30-നും ചള്ളഗട്ട, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മടവറ എന്നിവിടങ്ങളിലേക്ക് 12:45-നും പുറപ്പെടും. ബൊമ്മസാന്ദ്രയിലേക്ക് പുലർച്ചെ ഒരു മണിക്കും ആർവി റോഡിലേക്ക് രണ്ട് മണിക്കുമാണ് അവസാന ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്.
മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ നിന്ന് നാല് ദിശകളിലേക്കുമുള്ള കണക്ഷൻ ട്രെയിനുകൾ പുലർച്ചെ 1:30-ന് പുറപ്പെടും. ഐപിഎൽ ടിക്കറ്റുകൾക്കൊപ്പം തന്നെ ലഭ്യമായ ക്യുആർ കോഡ് ഉപയോഗിച്ച് ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാമെന്നത് ആരാധകർക്ക് വലിയ ആശ്വാസമാകും. തിരക്ക് ഒഴിവാക്കാൻ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള കബ്ബൺ പാർക്ക്, എം.ജി. റോഡ് സ്റ്റേഷനുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയും കാറുകൾക്ക് 60 രൂപയുമാണ് പാർക്കിംഗ് നിരക്ക്. ഇതോടൊപ്പം ബിഎംടിസിയും ആരാധകർക്കായി പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് സർജാപൂർ, കടുഗോഡി, ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട, യെലഹങ്ക, ഹോസ്കോട്ടെ, ബനശങ്കരി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മത്സരദിവസങ്ങളിൽ അധിക സർവീസുകൾ ഉണ്ടാകും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ആരാധകർ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ബിഎംആർസിഎൽ അഭ്യർത്ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]