തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ വെറും രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കെഎസ്ആർടിസി ഇപ്പോൾ ഒരുവിധം പച്ചപിടിച്ചു വരികയാണെന്നും, വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും പല ഗവേഷണങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. സൗജന്യ യാത്ര എന്ന പ്രഖ്യാപനം നടത്തി വോട്ട് പിടിച്ച ശേഷം, അത് വനിതാ ദിനത്തിൽ മാത്രമാണെന്ന് മാറ്റിപ്പറയാൻ മടിയില്ലാത്തവരാണ് കോൺഗ്രസുകാരെന്ന് അദ്ദേഹം പരിഹസിച്ചു.
നിലവിൽ കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ഇത്തരം വൻകിട സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പായി.
തിരഞ്ഞെടുപ്പ് വരുന്നുവെന്ന് പറഞ്ഞ് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് വാങ്ങാൻ ശ്രമിക്കുന്നത് ശരിയല്ല. കെഎസ്ആർടിസിക്ക് ഇത് താങ്ങാനാവില്ല. സൗജന്യ യാത്ര അനുവദിക്കുമ്പോൾ അത് പാവപ്പെട്ടവർക്കോ ബിപിഎൽ കാർഡുള്ളവർക്കോ ആയിരിക്കണം. സ്വന്തമായി കാറുള്ള സമ്പന്നരായ സ്ത്രീകൾക്കോ, 40,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്കോ സൗജന്യ യാത്ര നൽകേണ്ട ആവശ്യമുണ്ടോ?
നിലവിൽ പിണറായി സർക്കാർ മാസം 50 കോടി രൂപ ശമ്പളത്തിനായും, 74 കോടി രൂപ പെൻഷനായും കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. കെഎസ്ആർടിസി നിലവിൽ അർഹരായവർക്ക് സഹായം നൽകുന്നുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സയ്ക്ക് പോകുന്നവർക്കായി ‘ഹാപ്പി ലോങ് ലൈഫ്’ എന്ന പേരിൽ കാർഡുകൾ നൽകി സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇത് വാരിക്കോരി നൽകുന്ന സൗജന്യമല്ല, മറിച്ച് അർഹരായ രോഗികൾക്ക് വേണ്ടിയുള്ളതാണ്.
ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയപ്പോൾ അത് വോട്ട് കിട്ടാനുള്ള കൈക്കൂലിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ യുഡിഎഫ് കാലത്ത് പെൻഷൻ 600 രൂപയായി വർദ്ധിപ്പിച്ചപ്പോൾ അത് 18 മാസം നൽകാതെ കുടിശിക വരുത്തുകയായിരുന്നു. ഇപ്പോൾ പെൻഷൻ 3000 രൂപയാക്കുമെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്’’ – ഗണേഷ് കുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]