ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ.റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു.
ഇടതു നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തൽക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ്ണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടേയും മറ്റും പരിശോധന നടത്തി വരികയാണ്. പോലീസ് ഫോററൻസിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.
റോയിയുടെ മരണത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു. ‘റോയ് ദുബായിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ വെച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം അദ്ദേഹം അഞ്ചു മിനിറ്റ് ഇടവേളയെടുത്തു, തന്റെ മുറിയിലേക്ക് പ്രവേശിച്ചു, 20 മിനിറ്റിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു’ പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും പരമേശ്വര വ്യക്തമാക്കി.
ആദായനികുതി വകുപ്പിന്റെ സമ്മർദ്ദങ്ങളെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ മാത്രമേ റോയ്ക്ക് ഉണ്ടായിരുന്നുള്ളുവെന്നും മറ്റു ഭീഷണികളോ വായ്പകളോ ഇല്ലെന്നും കുടുംബം അറിയിച്ചു.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:15 ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രാഥമികമായി വെടിയേറ്റുള്ള മരണമാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് കമ്മിഷണർ സീമാന്ത് കുമാർ സിംഗ് പറഞ്ഞു. കർണാടകത്തിലേയും കേരളത്തിലേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങളിലായുള്ള റെയ്ഡിൽ പങ്കെടുത്തിരുന്നതായും പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]