ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനായുള്ള ബെംഗളൂരുവിലെ ആദ്യത്തെ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിയുമായി സംസ്ഥാന സർക്കാർ അതിവേഗത്തിൽ മുന്നോട്ട്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക റിപ്പോർട്ടും തയാറാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ജിബിഡിഎ) ടെൻഡർ ക്ഷണിച്ചു.
ബെംഗളൂരു നഗരത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലായി ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് ജനുവരി അവസാനം കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. ബെംഗളൂരു നഗരത്തോട് ചേർന്ന ബിഡദ എന്ന സ്ഥലത്താണ് ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് നിർമിക്കാനൊരുങ്ങുന്നത്. 2005 മുതൽ സംസ്ഥാന സർക്കാരുടെ പരിഗണനയിലുള്ള പദ്ധതിയാണ് ടൗൺഷിപ്പ് പദ്ധതി.
കൺസൾട്ടന്റിനെ ഉടൻ നിയമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിർദിഷ്ട ടൗൺഷിപ്പിൻ്റെ ആകെ 8,935 ഏക്കറാണ്. 2,742 ഏക്കർ സാമ്പത്തിക ഇടനാഴികളും (ഇസി) ഉൾക്കൊള്ളുന്നു. പ്രദേശത്തിന് ചുറ്റുമുള്ള ബഫർ സോണുകൾ ഉൾപ്പെടെ ഏകദേശം 12,844 ഏക്കറാണുള്ളത്. ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ പദ്ധതിയാണ് ടൗൺഷിപ്പ് പദ്ധതി. ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയിൽ നിന്ന് അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി എച്ച്കെ പാട്ടീൽ അറിയിച്ചിരുന്നു.
ആധുനികവും സുസ്ഥിരവുമായ ഒരു ടൗൺഷിപ്പ് സ്ഥപിക്കുകയെന്നതാണ് ജിബിഡിഎ എന്ന പദ്ധതിയുടെ ലക്ഷ്യം. പത്ത് ഗ്രാമങ്ങളിലായി 8,934 ഏക്കർ വിസ്തൃതിയുള്ള ടൗൺഷിപ്പ് വികസിപ്പിക്കുന്നതിന് താൽക്കാലിക ഭൂമി കണ്ടെത്തിയിട്ടുണ്ട്. അല്ലാലസാന്ദ്ര, കഞ്ചുഗരനഹള്ളി കാവൽ, കഞ്ചുഗരനഹള്ളി, ഗൊല്ലരപാളയ, കെമ്പയ്യാനപാളയ, ബന്നിഗെരെ, ബ്യാരമംഗല, മണ്ഡലഹള്ളി, ഹൊസുരു, വഡേരഹള്ളി എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി പൂർത്തിയാകുക.
ജിബിഐടിയെ നൈസ് റോഡ്, എൻഎച്ച് – 204, എൻഎച്ച് – 275, സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ( എസ്‌ടിആർആർ ) എന്നിവയുമായി ബന്ധിപ്പിക്കുന്ന 37 കിലോമീറ്റർ സാമ്പത്തിക ഇടനാഴികൾ ടൗൺഷിപ്പിൽ ഉണ്ടാകും. ഗതാഗത ശൃംഖലകൾ, ഉത്പാദന കേന്ദ്രങ്ങൾ, ജങ്ഷനുകൾ, ഫ്ലൈ ഓവറുകൾ എന്നിവ ഇടനാഴികളിൽ ഉൾപ്പെടുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതിക്കായി വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരുമെന്നതിനാൽ പ്രദേശവാസികളിൽ നിന്ന് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. പദ്ധതി പ്രദേശങ്ങളിൽ കൃഷി ഭൂമിയും ഉൾപ്പെടുന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.