ന്യൂഡെൽഹി: ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ.) ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്‌സുകൾ പരിഷ്കരിച്ചു. മൂന്നുതരം ബി.എഡ്. കോഴ്‌സുകൾക്കാണ് നിർദേശം.
ഹയർ സെക്കൻഡറി പാസായവർക്കായി നാലുവർഷ ബി.എഡ്., ഡിഗ്രി കഴിഞ്ഞവർക്കായി രണ്ടുവർഷ ബി.എഡ്., പി.ജി. പാസായവർക്കായി ഒരുവർഷ ബി.എഡ്., എന്നിങ്ങനെയാണ് കോഴ്‌സുകൾ. ബി.എഡ്. കോഴ്‌സുകൾക്ക് ചേരുന്നവർ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കായിരിക്കും ഇതിന്റെ ചുമതല.
മാതൃകാപാഠ്യപദ്ധതി എൻ.സി.ടി.ഇ. തയ്യാറാക്കിനൽകും. ഇതിൽ 30 ശതമാനം ഉള്ളടക്കം പ്രാദേശികസാഹചര്യമനുസരിച്ച് മാറ്റംവരുത്താനാവും. നാലുവർഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്‌സുകൾ. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും.
മൂന്നുവർഷം നിശ്ചിതവിഷയത്തിലുള്ള പഠനവും നാലാംവർഷം ‘അധ്യാപകവിദ്യാഭ്യാസ’വും ഉൾപ്പെടുത്തിയാണ് ഈ കോഴ്‌സുകൾ. മൂന്നുവർഷബിരുദം നേടിയവർക്ക് രണ്ടുവർഷ ബി.എഡിന് ചേരാം. ഇതിനായി ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാല് വിദ്യാഭ്യാസഘട്ടങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകളുണ്ടാവും.
പി.ജി. പാസായവർക്ക് ചേരാവുന്നതാണ് ഒരുവർഷത്തെ ബി.എഡ്. കോഴ്‌സ്. മറ്റേതെങ്കിലും വിഷയങ്ങളിൽ നാലുവർഷബിരുദം നേടിയവർക്കും ഈ കോഴ്‌സ് പഠിക്കാം. രണ്ടുവർഷം ദൈർഘ്യമുള്ള എം.എഡ്. കോഴ്‌സുകളും നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവേശനത്തിനും ദേശീയതല അഭിരുചിപരീക്ഷയുണ്ടാവും.
മറ്റേതെങ്കിലും വിഷയത്തിൽ പി.ജി.ക്ക് പഠിക്കുന്നവർക്ക് എം.എഡ്. പാർട്ട് ടൈം ആയി പഠിക്കാനുള്ള കോഴ്‌സും സർവകലാശാലകളിൽ നടപ്പാക്കും എന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.