ഡൽഹി: ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20(ജിസാറ്റ് എൻ 2) വിജയകരമായി വിക്ഷേപിച്ചു.
ചൊവ്വാഴ്ച അർധരാത്രി 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയർന്നത്.
34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.
ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം.
അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും.
ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.
ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.
ഇതാദ്യമായാണ് ഐഎസ്ആർഒ അതിൻ്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്.