ബെംഗളൂരു : കർഷക ആത്മഹത്യയെപ്പറ്റി വ്യാജവാർത്ത സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെപേരിലുള്ള കേസ് ഹൈക്കോടതി സ്റ്റേചെയ്തു.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് തേജസ്വി സൂര്യ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നടപടി.
വഖഫ് ബോർഡ് ഭൂമിയേറ്റെടുത്തതിനെത്തുടർന്ന് ഹാവേരിയിലെ ഒരു കർഷകൻ ജീവനൊടുക്കിയതായി തേജസ്വി സൂര്യ എക്സിൽ പോസ്റ്റ് ചെയ്തതാണ് കേസിനിടയാക്കിയത്.
2022-ൽ മഴയിൽ വിളകൾ നശിച്ചുപോയതിനാൽ വായ്പ തിരിച്ചടയ്ക്കാനാവാതെ ഹാവേരിയിലെ കർഷകൻ ജീവനൊടുക്കിയതാണ് വഖഫ് ഭൂമിയുമായി ബന്ധപ്പെടുത്തി തേജസ്വി സൂര്യ പോസ്റ്റുചെയ്തത്.
ഇത് വ്യക്തമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. പോസ്റ്റ് പിൻവലിച്ചകാര്യം കോടതി എടുത്തുപറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ നാലുവരെ തുടർനടപടികൾ തടയുകയും ചെയ്തു.
കർഷകർ കൈവശംവെച്ചുകൊണ്ടിരിക്കുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കുന്നതിനെതിരേ സർക്കാരിനുനേർക്ക് നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്.
ഇതേപ്പറ്റി ഒരു കന്നഡ ന്യൂസ് പോർട്ടലിൽ വന്ന വാർത്തയുടെ ലിങ്കും പങ്കുവെച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാനെയും പോസ്റ്റിൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഹാവേരി പോലീസാണ് തേജസ്വി സൂര്യയുടെയും വാർത്ത പ്രസിദ്ധീകരിച്ച രണ്ട് ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാരുടെയും പേരിൽ കേസെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.