നഗരത്തിൽ ആശങ്ക ഉയർത്തി തുടർക്കൊലപാതകങ്ങൾ; സ്ത്രീസുരക്ഷയും ചോദ്യചിഹ്നമാകുന്നു

ബെംഗളൂരു : കോറമംഗലയിൽ യുവാവ് വനിതകളുടെ പെയിങ് ഗസ്റ്റ് (പി.ജി.) മുറിയിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടൽമാറും മുൻപാണ് നഗരത്തിൽത്തന്നെ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ച സംഭവമുണ്ടായത്.

നഗരത്തിൽ കൊലപാതകങ്ങൾ തുടർക്കഥയാകുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും സ്ത്രീകൾ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിന് കുറവുണ്ടാകുന്നില്ല.

കഴിഞ്ഞ ജൂലായിലാണ് കോറമംഗലയിൽ യുവതിയെ പെയിങ് ഗസ്റ്റ് മുറിയിലെത്തി യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.

ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (24) കൊല്ലപ്പെട്ടത്. യുവതിയെ കത്തിയുപയോഗിച്ച് കുത്തുന്നതും യുവതി നിലവിളിക്കുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ വ്യക്തമായിരുന്നു. ആക്രമിച്ചശേഷം രക്ഷപ്പെട്ട യുവാവിനെ പോലീസ് പിന്നീട് അറസ്റ്റുചെയ്തിരുന്നു.

മല്ലേശ്വരത്ത് യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ച സംഭവം കൂടുതൽ ഗൗരവമുള്ളതാണ്. കൊല നടന്ന് രണ്ടാഴ്ചയിലേറെയായപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ശരീര ഭാഗങ്ങൾ 30-ലേറെ കഷണങ്ങളാക്കിയാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചത്.

ബെലഗാവിയിൽ കോളേജ് വിദ്യാർഥിനിയെ കാംപസിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. ക്ലാസ് കഴിഞ്ഞ് ഇറങ്ങിവന്ന വിദ്യാർഥിനിയെ കാംപസിൽ കാത്തുനിന്ന മുൻ സഹപാഠി കുത്തുകയായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന കൊലപാതങ്ങളിൽ അധികവും ജീവിതപങ്കാളിയോ കാമുകനോ ചെയ്യുന്നതായിരിക്കും.

സംസ്ഥാനത്ത് ഈ വർഷം ആകെ 720 കൊലപാതകങ്ങൾ നടന്നതിൽ 140 എണ്ണവും നടത്തിയത് ജീവിതപങ്കാളിയാണ്. 25 കൊലപാതകങ്ങൾ നടത്തിയത് കാമുകനാണ്. 2023-ൽ ആകെ 1221 കൊലപാതകങ്ങൾ നടന്നതിൽ 211 എണ്ണവും ജീവിതപങ്കാളിയായിരുന്നു നടത്തിയത്. 41 കൊലപാതകങ്ങളാണ് കാമുകൻ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us