ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റിയുടെ ഭൂമികൈമാറ്റത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസും ചേർന്നു നടത്തുന്ന പദയാത്ര തുടങ്ങുന്നതിനുമുൻപേ പ്രതിരോധവുമായി കോൺഗ്രസ്.
ബി.ജെ.പി.യുടെ യാത്ര കടന്നുപോകുന്ന വഴിയിൽ വൻ റാലികൾ നടത്തിയാണ് പ്രതിരോധം. വെള്ളിയാഴ്ച ബിഡദിയിൽ നടന്ന ആദ്യറാലിയിൽ സിദ്ധരാമയ്യയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരേ ആരോപണമുയർത്തി.
കുമാരസ്വാമിയുടെയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെയും നേതൃത്വത്തിൽ പത്തുദിവസത്തെ പദയാത്ര ശനിയാഴ്ച ബെംഗളൂരുവിൽനിന്ന് ആരംഭിക്കാനിരിക്കെയാണിത്.
ബി.ജെ.പി.യുടെയും ജെ.ഡി.എസിന്റെയും പദയാത്ര അഴിമതിക്കാർ, അഴിമതിക്കാർക്കായി നടത്തുന്നതാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.
എച്ച്.ഡി. കുമാരസ്വാമിയുടെ കുടുംബത്തിന് ബിഡദിയിൽ നൂറുകണക്കിനേക്കർ ഭൂമിയുണ്ടെന്ന് ശിവകുമാർ ആരോപിച്ചു.
കുംഭാലഗോഡിൽ 200-250 ഏക്കർ ഭൂമിയുണ്ട്. ഗുബ്ബി, ചിക്കഗുബ്ബി, യെലഹങ്ക, ഹാസൻ, നെലമംഗല എന്നിവിടങ്ങളിൽ എത്ര ഭൂമിയുണ്ടെന്ന് വെളിപ്പെടുത്തണം.
ഇത്രയും ഭൂമി എങ്ങനെയാണ് സ്വന്തമാക്കിയതെന്ന് കുമാരസ്വാമി വെളിപ്പെടുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
ബി.ജെ.പി. നേതാക്കളുടെ പേരിലുയർന്ന അഴിമതിയാരോപണങ്ങളും ശിവകുമാർ എടുത്തുപറഞ്ഞു. ജനാന്ദോളന എന്നപേരിൽ സംഘടിപ്പിക്കുന്ന റാലി വരുംദിവസങ്ങളിൽ രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലും നടക്കും. ബിഡദിയിലെ റാലിയിൽ സിദ്ധരാമയ്യ പങ്കെടുത്തില്ല.
ശനിയാഴ്ച രാവിലെ എട്ടിന് കെങ്കേരിയിൽനിന്നാണ് എൻ.ഡി.എ. പദയാത്ര ആരംഭിക്കുക. എച്ച്.ഡി. കുമാരസ്വാമി, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷനേതാവ് ആർ. അശോക, ദേശീയ ജനറൽ സെക്രട്ടറി ഡോ. രാധാ മോഹൻദാസ് തുടങ്ങിയവർ പങ്കെടുക്കും.
പദയാത്രയിൽ എതിർപ്പുന്നയിച്ച് ബി.ജെ.പി.യുമായി ഇടഞ്ഞുനിന്ന കുമാരസ്വാമിയെ ബി.ജെ.പി. നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.