ബെംഗളൂരു : കർണാടകത്തിൽ ജെ.ഡി.എസിനെ എൻ.ഡി.എ.യിലുൾപ്പെടുത്തിയത് ബി.ജെ.പി.ക്ക് പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല.
ഓൾഡ് മൈസൂരു മേഖലയിലെ രണ്ട് മണ്ഡലങ്ങളും വടക്കൻ കർണാടകത്തിലെ ഏഴ് മണ്ഡലങ്ങളും പിടിച്ചുനിർത്താൻ സഖ്യത്തിന് കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് ബി.ജെ.പി.യിൽ ചോദ്യമുയർന്നേക്കും.
വൊക്കലിഗ ഹൃദയഭൂമിയായ ഓൾഡ് മൈസൂരു മേഖലയിലാണ് ജെ.ഡി.എസിന് കാര്യമായ സ്വാധീനമുള്ളത്. അവിടെ ചാമരാജനഗറും ഹാസനും എൻ.ഡി.എ.യ്ക്ക് നഷ്ടപ്പെട്ടു.
വടക്കൻ കർണാടകത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മണ്ഡലങ്ങളിലും ജെ.ഡി.എസിന് സ്വാധീനമുണ്ട്.
അവിടെയും നേട്ടമുണ്ടാക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ലൈംഗികപീഡന ആരോപണമുയർന്നത് സഖ്യകക്ഷിയെന്ന നിലയിൽ ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാക്കി.
പ്രജ്ജ്വലിനെതിരായ കേസ് മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെയുൾപ്പെടെ ആക്രമിക്കാൻ കോൺഗ്രസിന് അവസരം ലഭിച്ചു.
ഇത്തവണ ആകെയുള്ള 28 മണ്ഡലങ്ങളും എൻ.ഡി.എ.യിലേക്കെത്തിക്കണമെന്ന് ലക്ഷ്യമിട്ടാണ് ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യമുണ്ടാക്കിയത്.
ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് കൂടുതൽ ശക്തിനേടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. ബെംഗളൂരു റൂറൽ കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കാനായതാണ് കാര്യമായ നേട്ടം.
അതേസമയം, സഖ്യംകൊണ്ട് ജെ.ഡി.എസിന് ഗുണമുണ്ടായെന്നാണ് തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്.
കഴിഞ്ഞതവണ കൈവിട്ടു പോയ മാണ്ഡ്യയും കോലാറും തിരിച്ചുപിടിക്കാൻ ജെ.ഡി.എസിനായി.
മണ്ഡ്യയിൽ 2,84,620 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമി വിജയിച്ചത്.
കോലാറിൽ എം. മല്ലേഷ് ബാബു 71,388 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയം നേടി. പ്രജ്ജ്വൽ രേവണ്ണ കേസിൽകുടുങ്ങിയില്ലായിരുന്നെങ്കിൽ അവിടെയും പാർട്ടി വിജയിക്കുമായിരുന്നെന്നാണ് വിലയിരുത്തൽ.
ജെ.ഡി.എസിനെ കർണാടകത്തിൽനിന്ന് തുടച്ചുനീക്കാനുള്ള കോൺഗ്രസ് ശ്രമം പരാജയപ്പെട്ടിരിക്കുകയാണെന്ന് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.
ബി.ജെ.പി.യുമായി കൈകോർക്കാനുള്ള തീരുമാനത്തെ ജനം അംഗീകരിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.