നഗരത്തിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ പ്രത്യേക പരിശോധന; ഒരാഴ്ചയ്ക്കിടെ ട്രാഫിക് പോലീസ് ഈടാക്കിയത് 16 ലക്ഷം രൂപ പിഴ

ബെംഗളൂരു : ഗതാഗത നിയമലംഘനം കണ്ടെത്താൻ ബെംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് പോലീസ് ഒരാഴ്ചയായി നടത്തിയ പ്രത്യേക പരിശോധനയിൽ പിഴയിനത്തിൽ ഈടാക്കിയത് 16 ലക്ഷം രൂപ.

2,647 കേസുകളും രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനും നടപ്പാതകളിൽ വാഹനം നിർത്തിയതിനുമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.

പതിവ് പരിശോധനകൾക്കു പുറമേയാണ് കൂടുതൽ ട്രാഫിക് പോലീസുകാരെ പ്രധാന ജങ്ഷനുകളിൽ നിയോഗിച്ച് അധികൃതർ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.

ഓട്ടം വിളിച്ചിട്ടും പോകാതിരിക്കുന്ന ഓട്ടോറിക്ഷകൾ, അതിവേഗത്തിൽ ഓടിച്ച ബെംഗളൂരു കോർപ്പറേഷന്റെ മാലിന്യസംഭരണ ലോറികൾ എന്നിവയ്ക്കെതിരേയും പ്രത്യേക പരിശോധനയിൽ കേസെടുത്തതായി അധികൃതർ അറിയിച്ചു.

സിഗ്നലുകൾ തെറ്റിച്ച് അതിവേഗം ഓടുന്നെന്ന പരാതിയെത്തുടർന്ന് ഭക്ഷണവിതരണ ജീവനക്കാർക്കെതിരേയും നടപടികൾ സ്വീകരിച്ചു.

ഭക്ഷണവിതരണ ജീവനക്കാരുടെ വാഹനങ്ങൾ തിരക്കേറിയ പ്രദേശങ്ങളിൽ വ്യാപകമായി അപകടങ്ങളുണ്ടാക്കുന്നെന്നാണ് നേരത്തേ ഉയർന്നിരുന്ന പരാതി.

നിശ്ചിത ഇടവേളകളിൽ കൂടുതൽ പോലീസുകാരെ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകൾ സംഘടിപ്പിക്കാനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം.

ഇതിനൊപ്പം ഒന്നിലധികം തവണ ഗതാഗത നിയമം ലംഘിച്ചിട്ടും പിഴയടയ്ക്കാത്തവർക്കെതിരേയും നടപടികളുണ്ടാകും.

അതേസമയം, മഴക്കാലത്തിനുമുന്നോടിയായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക പ്രചാരണ പരിപാടിയും ട്രാഫിക് പോലീസ് സംഘടിപ്പിക്കുന്നുണ്ട്.

വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിലൂടെ വാഹനങ്ങൾ സൂക്ഷിച്ചോടിക്കുക, അപകടങ്ങളുണ്ടാകാതിരിക്കാൻ ഗുണമേന്മയുള്ള ടയറുകൾ മാറ്റിയിടുക, വൈപ്പറുകളും ഇൻഡിക്കേറ്ററുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ട്രാഫിക് പോലീസിന്റെ പ്രചാരണത്തിൽ മുന്നോട്ടുവെക്കുന്ന പ്രധാനവിഷയങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us