കുടിവെള്ളമില്ല; പ്രതിസന്ധിയിൽ കുരുങ്ങി സ്കൂളുകളും; വെള്ളമെത്തിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകൾ

ബെംഗളൂരു : രൂക്ഷമായ ജലക്ഷാമം നഗരത്തിലെ സ്‌കൂളുകളേയും ബാധിക്കുന്നു.

കുടിക്കാനും ശൗചാലയങ്ങളിലെ ആവശ്യങ്ങൽക്കും വെള്ളമില്ലാതായതിനെത്തുടർന്ന് പല സ്‌കൂളുകളും സ്വകാര്യ കുടിവെള്ള ടാങ്കറുകളെ ആശ്രയിച്ചുതുടങ്ങി.

കുഴൽക്കിണറുകളാണ് സ്കൂളുകളിലെ പ്രധാന കുടിവെള്ള സ്രോതസ്സെങ്കിലും ഇവയിൽ നിന്ന് വെള്ളംകിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികൾക്ക് അവധി നൽകാനും കഴിയില്ല. കുടിക്കാനുള്ള വെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരാൻ ഒട്ടുമിക്ക സ്‌കൂളുകളും വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബൊമ്മനഹള്ളി, ബെന്നാർഘട്ടറോഡ്, മഹാദേവപുര, പീനിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സ്കൂളുകളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുന്നത്.

അതേസമയം, പ്രത്യേക സാഹചര്യം പരിഗണിച്ച് സ്‌കൂളുകളിൽ കുടിവെള്ളമെത്തിക്കാൻ പ്രാഥമിക പരിഗണന നൽകണമെന്ന് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്‌കൂൾസ് ഇൻ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു.

ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും പൈപ്പുവഴി കുടിവെള്ളവിതരണം നടത്തണമെന്നാണ് ആവശ്യം.

നേരത്തേ ആഴ്ചയിൽ നാലുതവണയെങ്കിലും കുടിവെള്ളവിതരണ കമ്പനിയായ ബി.ഡബ്ല്യു.എസ്.എസ്.ബി. കാവേരി ജലവിതരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണയാണ് കുടിവെള്ളവിതരണമുള്ളതെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

800 മുതൽ 1,000 വരെ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിൽ പ്രതിദിനം 5,000 ലിറ്റർ വെള്ളമെങ്കിലും വേണമെന്നാണ് കണക്ക്.

നിലവിൽ സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കാമെങ്കിലും ജലക്ഷാമം കൂടുതൽ രൂക്ഷമായാൽ ഇവയും കിട്ടാതെയാകുമെന്ന ആശങ്കയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us