യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നംഗസംഘം അറസ്റ്റിൽ 

ബെംഗളൂരു: യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത മൂന്നംഗസംഘം പിടിയിൽ.

ബെംഗളൂരു സ്വദേശികളായ സഞ്ജയ് (27), ആനന്ദ് (29), ഹനുമന്ത് (31) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരു ഉള്ളാൾ സ്വദേശിയായ ഗുരുസിദ്ധപ്പയെയാണ് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാമനഗര ജില്ലയിലെ മഞ്ചിനബലെ വനമേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു.

ഗുരുസിദ്ധപ്പയെ തട്ടിക്കൊണ്ടുപോയശേഷം ഇയാളുടെ ഭാര്യയിൽ നിന്ന് കൈക്കലാക്കിയ നാലുലക്ഷം രൂപകൊണ്ട് ഇവർ ഗോവയിൽ പുതുവത്സരം ആഘോഷിച്ചതായി ബെംഗളൂരു വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു.

പണം ലഭിച്ചെങ്കിലും ഗുരുസിദ്ധപ്പയെ വിട്ടയച്ചാൽ പോലീസിലറിയിക്കുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്.

ഗുരുസിദ്ധപ്പ വീട്ടിലെത്താത്തതിനെത്തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസിന് തട്ടിക്കൊണ്ടുപോകൽ സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

സഞ്ജയ്‌ ആണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

വർക്‌ഷോപ്പിലെ ജീവനക്കാരനായ സഞ്ജയ്ക്ക് വാഹനഘടകങ്ങളുടെ കച്ചവടക്കാരനായ ഗുരുസിദ്ധപ്പയെ നേരത്തേ അറിയാമായിരുന്നു.

കഴിഞ്ഞമാസം 30-ന് കച്ചവടസംബന്ധമായ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സഞ്ജയും സംഘവും ഉള്ളാളിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഗുരുസിദ്ധപ്പയെ വിളിച്ചുവരുത്തി.

തുടർന്ന് ബലമായി കാറിൽ കയറ്റി രാമനഗരയിലേക്ക് കൊണ്ടുപോയി.

ഇതിനിടെ ഗുരുസിദ്ധപ്പയെ ഭീഷണിപ്പെടുത്തി ഭാര്യയെ ഫോണിൽ വിളിപ്പിച്ച് നാലുലക്ഷം രൂപ എത്തിക്കാനാവശ്യപ്പെട്ടു.

ഈ സമയത്ത് സംഘം തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഗുരുസിദ്ധപ്പ ഭാര്യയോട് വെളിപ്പെടുത്തിയിരുന്നില്ല.

31-ന് നഗരത്തിലെ ഒരിടത്തുവെച്ച് നാലുലക്ഷം രൂപ ഭാര്യ സംഘത്തിന് കൈമാറി.

എന്നാൽ ഇയാളെ വിട്ടയക്കുന്നതിന് പകരം സംഘം രാമനഗരയിൽ വെച്ച് മർദ്ദിച്ച് കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു.

പിന്നീട് പുതുവർഷം ആഘോഷിക്കാനായി ഗോവയിലേക്ക് തിരിച്ചു.

ഗുരുസിദ്ധപ്പയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരിക്കാത്തതിനെ തുടർന്നാണ് ഭാര്യ പരാതിനൽകിയത്.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് ബെംഗളൂരു വെസ്റ്റ് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us