ബെംഗളൂരു : അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തുന്ന മലയാളികളുൾപ്പെട്ട സംഘത്തെ പോലീസ് അറസ്റ്റുചെയ്തു.
ഏഴു മലയാളികളും കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്.
പ്രമുഖ അന്താരാഷ്ട്ര കൂറിയർ കമ്പനി വഴി മയക്കുമരുന്നെത്തുന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാൻ പണം നൽകണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
കോഴിക്കോട് സ്വദേശികളായ എം.പി. ആഷിക്, എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അർഷദ്, കെ.റിയാസ്, കെ.പി. നൗഫൽ, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മലയാളികൾ.
ഇവരെ പോലീസ് കേരളത്തിൽ നിന്നുമാണ് പിടികൂടുകയത്.
കർണാടക ഭട്കൽ സ്വദേശികളായ അസീം അഫൻഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കൻസിഭായ് റബാനി, രാജസ്ഥാൻ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്കുമാർ, ലളിത് കുമാർ, രാജ്കോട്ട് ജാംനഗർ സ്വദേശി മഖാനി കരീംലാൽ കമറുദ്ദീൻ എന്നിവരെയും ബെംഗളൂരു പോലീസിന്റെ പ്രത്യേക സംഘവും സൈബർ ക്രൈംപോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
സംഘാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 25,47,000 രൂപ പോലീസ് പിടിച്ചെടുത്തു. ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ഐ.ബി., സി.ബി.ഐ., ഇ.ഡി., എൻ.ഐ.എ., എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പണക്കാരുടെ ഫോൺ നമ്പരുകളിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ ഡി. ദയാനന്ദ് പറഞ്ഞു.
പല മലയാളികളും ഇങ്ങനെ പണം നഷ്ടമായവരിൽപ്പെടും. പരാതിക്കാർ കൂടിയതോടെ ബെംഗളൂരു പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. തുടർന്നാണ് സംഘത്തെ കുടുക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.