ബെംഗളൂരു: എട്ടംഗ സംഘം താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറുമായി കടന്ന സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.
സംഭവത്തിനു പിന്നിൽ ഹവാല ഇടപാടുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചുരത്തിലെ ഒമ്പതാം വളവിനു താഴെ കവര്‍ച്ച നടന്നത്.
മൈസൂരുവില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യാണ് ആക്രമണത്തിന് ഇരയായത്.
എന്നാല്‍, വിശാല്‍ വെള്ളിയാഴ്ചയാണ് താമരശ്ശേരി പോലീസിൽ പരാതി നല്‍കിയത്.
പോലീസില്‍ പറഞ്ഞാല്‍ കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി വൈകിയതെന്നാണ് ഇയാള്‍ പറയുന്നത്.
മൈസൂരുവില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ച അഞ്ചിനാണ് വിശാല്‍ കൊടുവള്ളിയിലേക്ക് കാറില്‍ വന്നത്.
ഒമ്പതാം വളവിലെത്തിയപ്പോള്‍ പിന്നില്‍ രണ്ട് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം വിശാലിന്റെ കാര്‍ തടഞ്ഞിട്ടു.
തന്നെ കാറില്‍നിന്ന് വലിച്ചു പുറത്തിടുകയും കമ്പിയടക്കമുള്ളവ ഉപയോഗിച്ച് അടിച്ചു പരിക്കേൽപിക്കുകയും ചെയ്തതായാണ് വിശാൽ പോലീസിൽ മൊഴി നൽകിയത്.
പണവും മൊബൈൽ ഫോണും എടുത്ത സംഘം കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.
കൊടുവള്ളിയില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങാൻ കൊണ്ടുവന്ന 68 ലക്ഷം രൂപയും 20,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് കാറിലുണ്ടായിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികൾ ഉടൻ പിടിയിലാകുമെന്ന് താമരശ്ശേരി സി.ഐ സായൂജ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.