മുടി മുറിക്കാൻ അധിക നിരക്ക്, ഹോട്ടലിൽ കസേരയിൽ ഇരിക്കാൻ വിലക്ക്; ദളിതർക്കെതിരെ വിവേചനം വർധിക്കുന്നു

ബെംഗളൂരു : മുടിമുറിക്കുന്നതിന് അമിത നിരക്ക് ഈടാക്കുകയും ഹോട്ടലുകളിൽ കസേരകളിലിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയും സംസ്ഥാനത്ത് ദളിതർക്കെതിരേ വിവേചനം കാണിക്കുന്നതായി ആരോപണം.

ധാർവാഡ് ജില്ലയിലെ കുണ്ട്‌ഗോൽ റൊത്തിഗവാഡ് ഗ്രാമത്തിലാണ് വിവേചനം നടന്നതായി പറയുന്നത്.

തങ്ങൾക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗത്തിൽ നിന്നുള്ള ഏതാനും പേർ താലൂക്ക് ഓഫീസിൽ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

റൊത്തിഗവാഡിൽ 40 ദളിത് കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിലെ ബാർബർ ഷോപ്പുകളിൽ നിന്ന് മുടിമുറിക്കുന്നതിന് 500 രൂപയാണ് ദളിതരിൽ നിന്ന് ഈടാക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.

ഇതരജാതിയിൽപ്പെട്ടവരുടെ അനുവാദം വാങ്ങിയാൽമാത്രമേ ബാർബർ ഷോപ്പിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ.

ഇതോടെ പലരും സമീപഗ്രാമങ്ങളിൽ നിന്നോ 16 കിലോമീറ്റർ അകലെയുള്ള കുണ്ട്‌ഗോൽ ടൗണിൽ നിന്നോ മുടിമുറിക്കുന്നതാണ് പതിവ്.

ഗ്രാമത്തിലെ ഹോട്ടലുകളിൽ ദളിത് യുവാക്കൾക്ക് കസേരയിലിരുന്ന് ഭക്ഷണം കഴിക്കാനും അനുവാദമില്ല.

പടിക്കെട്ടിലിരുന്നാണ് ഇവർ ഭക്ഷണം കഴിക്കേണ്ടത്.

കസേരയിലിരിക്കണമെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ഇരട്ടിനിരക്ക് നൽകണം.

ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും വിലക്കുണ്ടെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാട്ടി.

കുണ്ട്‌ഗോൽ തഹസിൽദാർ അശോക് ശിവ്വാഗി ഗ്രാമത്തിലെത്തി ഇതരവിഭാഗങ്ങളിൽപെട്ടവരുമായും പഞ്ചായത്ത് അംഗങ്ങളുമായും ചർച്ചനടത്തി.

എന്നാൽ, വിവേചനം കാട്ടുന്നില്ലെന്ന നിലപാടിലാണ് ഇതരവിഭാഗക്കാർ.

കൂടുതൽ പേരിൽ നിന്നും വിവരങ്ങൾ തേടുമെന്നും ജാതിവിവേചനമുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും തഹസിൽദാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us