സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി

electricity

ബെംഗളൂരു:അധികാരത്തിലേറിയതിനുപിന്നാലെ കോൺഗ്രസ്‌ സർക്കാർ വൈദ്യുതിനിരക്ക് കൂട്ടി. കഴിഞ്ഞ ദിവസമാണ് കർണാടക റഗുലേറ്ററി കമീഷൻ ഉത്തരവിട്ടത്. താരിഫ്‌, ഇന്ധന സർചാർജ്‌ ഇനങ്ങളിലായി ജൂണിലെ ബില്ലിൽ യൂണിറ്റിന്‌ 2.89 രൂപയാണ്‌ കൂട്ടിയത്‌. ഏപ്രിൽ, മെയ് മാസങ്ങളിലെ വൈദ്യുതി ഉപയോഗത്തിനുള്ള ബില്ലാണ് ജൂണിൽ ഈടാക്കുന്നത്. ഇരുമാസങ്ങളിലുമായി 70 പൈസവീതം വൈദ്യുതിനിരക്കും ഇന്ധന സർചാർജായി 1.49 രൂപയും ഈടാക്കും. ആകെ 2.89 രൂപ.

ഉൽപ്പാദക കമ്പനികളിൽനിന്നുള്ള വൈദ്യുതിവാങ്ങൽ ചെലവ്‌ അതത്‌ മാസം ഉപയോക്താക്കളിൽ നിന്ന്‌ ഈടാക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടത്തിന്റെ ചുവടുപിടിച്ച്‌ ജൂൺ മുതൽ 1.49 രൂപ സർചാർജ്‌ ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ, 2.89 രൂപ വർധിപ്പിച്ചതിനു പുറമേ സർചാർജുകൂടി ഈടാക്കിയാൽ വൻ എതിർപ്പുണ്ടാകുമെന്ന്‌ മനസ്സിലാക്കി തീരുമാനത്തിൽ മാറ്റംവരുത്തി. ജൂലൈമുതൽ ആറുമാസം 50 പൈസവീതം ഈടാക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച്‌ ജൂലൈമുതലുള്ള വർധന 2.69 രൂപയാകും. താരിഫ്‌ ഇനത്തിലെ വർധന 70 പൈസ, ഇന്ധന സർചാർജ്‌ ഇനത്തിൽ 1.49 രൂപ, കേന്ദ്രനിർദേശ പ്രകാരമുള്ള 50 പൈസ ഉൾപ്പെടെയാണിത്‌. എല്ലാ ഉപയോക്താക്കളെയും ബാധിക്കുന്നവിധത്തിലാണ്‌ കമീഷൻ നിരക്ക്‌ കൂട്ടിയത്‌.

ഇരുനൂറ്‌ യൂണിറ്റുവരെ വൈദ്യുതി ഉപഭോഗം സൗജന്യമായിരിക്കുമെന്ന്‌ കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാർഷികമേഖലയിലടക്കം നിലവിലുള്ള ഇളവുകളുടെ ഇനത്തിൽ 14,508 കോടി വിതരണകമ്പനികൾക്ക്‌ സർക്കാർ നൽകണം. ഇതിനുപുറമേ സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കുന്നതോടെ 15,000 കോടികൂടി നൽകേണ്ടി വരും. അധികബാധ്യത വിവിധ നികുതിയിനത്തിൽ ജനങ്ങളിൽനിന്ന്‌ ഈടാക്കുകയോ മറ്റ്‌ വിഭാഗങ്ങളുടെ വൈദ്യുതിനിരക്ക്‌ ഉയർത്തുകയോ ആണ്‌ പോംവഴി. സൗജന്യം പാതിവഴിയിൽ നിർത്തുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us